വളപട്ടണം റെയില്‍ പാലത്തിനടിയിലെ മണലൂറ്റിനെതിരേ കര്‍ശന നടപടി

വളപട്ടണം: വളപട്ടണം റെയില്‍ പാലത്തിനരികിലെ മണലൂറ്റിനെതിരേ കര്‍ശന നടപടിയുമായി റെയില്‍വേ അധികൃതരും പോലിസും രംഗത്ത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇവിടെ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. മണല്‍വാരല്‍ നിരീക്ഷിക്കാന്‍ ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. റെയില്‍വേ പാലത്തിന് അടിയില്‍നിന്ന് മണല്‍വാരിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് തീരുമാനം. ആര്‍പിഎഫ് ഡിവിഷനല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സി എച്ച് രഘുവീര്‍, ആര്‍ടിഎഫ് ഇന്‍സ്‌പെക്ടര്‍ എ പി വേണു, ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമംഗം ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വളപട്ടണം പുഴയില്‍ പട്രോളിങ് നടത്തി. മണല്‍ വാരലില്‍ ഏര്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ ബോധവല്‍കരിക്കുകയും ചെയ്തു. റെയില്‍വേ പാലത്തിനടിയില്‍നിന്ന് മണല്‍ വാരുന്നത് പാലത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് വഴിവയ്ക്കുമെന്നും ഇവര്‍ പറയുന്നു. റെയില്‍ പാലത്തിന്റെ പടിഞ്ഞാറ് 500 മീറ്റര്‍ അകലെ മണലൂറ്റുകാര്‍ പരിധി കടക്കാതിരിക്കാന്‍ സ്ഥാപിച്ച അടയാളങ്ങളെ നോക്കുകുത്തിയാക്കി പാലത്തിന്റെ താഴെ നിന്നുപോലും മണലൂറ്റുകയാണ് ചിലര്‍. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ വളപട്ടണം പുഴയില്‍ മണല്‍ വാരാനാണ് അഴീക്കല്‍ തുറുമുഖ ട്രസ്റ്റ് നിശ്ചയിച്ച സമയം. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് മണല്‍മാഫിയ മണലൂറ്റുന്നത്.

RELATED STORIES

Share it
Top