വളപട്ടണം പോലിസ് സ്‌റ്റേഷന് അഭിമാനനേട്ടം

വളപട്ടണം: രാജ്യത്തെ മികച്ച 10 പോലിസ് സ്‌റ്റേഷനുകളില്‍ ഒന്നായി തിരഞ്ഞെടുത്തതോടെ വളപട്ടണം സ്‌റ്റേഷന്‍ അഭിമാന നേട്ടം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ട ഏക സ്‌റ്റേഷനും വളപട്ടണം തന്നെ. ഒമ്പതാം സ്ഥാനമാണ് വളപട്ടണത്തിനു ലഭിച്ചത്. കേസുകളുടെ എണ്ണം, അന്വേഷണം, കാര്യക്ഷമത, ശുചിത്വം, പൊതു ജനങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ 30 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു. മണല്‍ കടത്തിനെതിരായ നടപടികളും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയും മികച്ചതാണെന്നു വിലയിരുത്തി. വിശേഷദിവസങ്ങളില്‍ നിര്‍ധനരെയും അനാഥരെയും സഹായിക്കാന്‍ എസ്‌ഐ ശ്രീജിത് കൊടേരിയും പോലിസുകാരും നടത്തിയ പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെട്ടു. 1905ല്‍ സ്ഥാപിക്കപ്പെട്ട വളപട്ടണം സ്‌റ്റേഷനിലെ 38ാമത്തെ സിഐ ആയി എ കൃഷ്ണനും 144ാമത്തെ എസ്‌ഐ ആയി ശ്രീജിത് കൊടേരിക്കുമാണ് ചുമതല.

RELATED STORIES

Share it
Top