വല്ലം പഴയപാലം തോട്ടില്‍ രാസമാലിന്യംമൂലം മീനുകള്‍ ചത്തു പൊങ്ങുന്നു

പെരുമ്പാവൂര്‍: വല്ലം  പഴയപാലം തോട്ടിലെ നീരൊഴുക്ക് നിലച്ചു. കോഴി മാലിന്യവും കെമിക്കല്‍ മാലിന്യവും കുമിഞ്ഞുകൂടി ചെറുമീനുകള്‍ ചത്തു പൊങ്ങി. പാലത്തിന് താഴെ ചാക്കുകളില്‍ സമീപത്തെ കോഴിക്കടകളില്‍ നിന്നും മറ്റു പ്രദേശത്തേയും  മാലിന്യം വാഹനത്തില്‍ കൊണ്ടിടുക പതിവാണെങ്കിലും തോടില്‍ ഒഴുക്കുണ്ടായിരുന്നതിനാല്‍ മാലിന്യങ്ങള്‍ ഒഴുകി പോകുമായിരുന്നു. എന്നാല്‍ ഒഴുക്ക് നിലച്ചതോടെ മാലിന്യം കെട്ടിക്കിടക്കാന്‍ തുടങ്ങുകയും കെമിക്കല്‍ മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ചതോടെ ലക്ഷക്കണക്കിന് പരല്‍ മീനുകളും മറ്റു ചെറു മീനുകളും പ്രാണവായു കിട്ടാതെ വെള്ളത്തിന്റെ മുകളിലെത്തി പിടയുന്ന ദയനീയ കാഴ്ചയാണുള്ളത്. പെരുമ്പാവൂര്‍ മ—ണ്ഡലത്തിലെ കൂവപ്പടി, ഒക്കല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ തോടിന് അരികിലുള്ള കമ്പനികളില്‍ നിന്നുള്ള കെമിക്കല്‍ മാലിന്യങ്ങളും വീടുകളില്‍ നിന്നും തോട്ടിലേക്ക് തുറന്നു വിട്ടിരിക്കുന്ന ദ്രാവക മാലിന്യങ്ങളും മാത്രമാണ് ഇപ്പോള്‍ തോട്ടിലേക്കൊഴുകുന്ന വെള്ളം.   കഴിഞ്ഞ ദിവസം വല്ലം പൈതൃക സംരക്ഷണ സമിതി സമീപ സ്ഥലത്തെ കോഴി, മീന്‍ കച്ചവട മാലിന്യങ്ങള്‍ തോട്ടില്‍ നിക്ഷേപിക്കുന്നതു സംബന്ധിച്ച് നഗരസഭക്ക് പരാതി നല്‍കിയിരുന്നു. നഗരസഭയുടെ ആരോഗ്യവിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന്് ആക്ഷേപം നിലനില്‍ക്കെയാണ് ഗുരുതരമായ ഈ പ്രശ്‌നം. അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തോട്ടിലുളള മല്‍സ്യസമ്പത്ത് വരും ദിവസങ്ങളില്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സാഹചര്യമാണുള്ളത്.

RELATED STORIES

Share it
Top