വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍; മറുപടിയില്ലാതെ റെയില്‍വേ അധികൃതര്‍

കെ പി റയീസ്

വടകര: സമയക്രമീകരണം മാറിയെന്ന സന്ദേശം നല്‍കി സാധാരണ സമയത്ത് തന്നെ സര്‍വീസ് നടത്തിയ ഏറനാട് എക്‌സ്പ്രസ് ലഭിക്കാതെ വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. നാഗര്‍കോവില്‍ നിന്നും മംഗലാപുരത്തേക്കു പോകുന്ന 16606 നമ്പര്‍ ഏറനാട് എക്‌സ്പ്രസാണ് വൈകിയോടുമെന്നറിയിച്ച് നേരത്തെ പോയി യാത്രക്കാരെ വലച്ചത്.
പുലര്‍ച്ചെ 2മണിക്കാണ് ട്രെയിന്‍ നാഗര്‍കോവില്‍ നിന്നും യാത്ര ആരംഭിക്കുന്നത്. എന്നാല്‍, 2 മണി എന്നത് ഒന്നര മണിക്കൂര്‍ വൈകി 3.30ലേക്ക് റീ ഷെഡ്യൂള്‍ ചെയ്‌തെന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച യാത്രക്കാര്‍ യാത്രചെയ്യേണ്ട സ്റ്റേഷനുകളില്‍ റീ ഷെഡ്യൂള്‍ ചെയ്ത സമയം നോക്കിയാണ് എത്തിയത്. സ്‌റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിന്‍ സാധാരണ പോവുന്ന സമയത്ത് തന്നെ എത്തിയതായി അറിഞ്ഞത്. ഇതോടെ ഹര്‍ത്താലില്‍ മറ്റു വാഹനങ്ങള്‍ ലഭിക്കാതെ ട്രെയിനിനെ മാത്രം ആശ്രയിച്ച യാത്രക്കാര്‍ വലഞ്ഞു.
ട്രെയിന്‍ പോയതറിഞ്ഞ യാത്രക്കാര്‍ അതാത് സ്‌റ്റേഷനുകളിലെ ഓഫിസറുമായി ബന്ധപ്പെട്ടപ്പോള്‍ സന്ദേശം വന്നതു സംബന്ധിച്ച് അവര്‍ക്കും ഒരു വിവരവുമില്ല. കൃത്യമായ മറുപടി നല്‍കാന്‍ റെയില്‍വേ അധികൃതര്‍ക്ക് കഴിയാതായതോടെ യാത്രക്കാരുമായി വാക്കേറ്റവും നടന്നു. യാത്ര മുടങ്ങിയ യാത്രക്കാര്‍ സന്ദേശം സംബന്ധിച്ചും തങ്ങള്‍ക്കുണ്ടായ നഷ്ടം തിരികെനല്‍കണമെന്നും ആവശ്യപ്പെട്ടും റെയില്‍വേയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയും സ്‌റ്റേഷനില്‍ വച്ചും റിസര്‍വ് ചെയ്തവര്‍ക്കാണ് സന്ദേശം വന്നത്. ഇതുസംബന്ധിച്ച് സ്‌റ്റേഷനിലേക്ക് വിളിച്ചുചോദിച്ചപ്പോഴും കൃത്യമായി മറുപടി അധികൃതര്‍ നല്‍കിയിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.
2 മണിക്ക് നാഗര്‍കോവിലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 3.40നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുക. സന്ദേശം ലഭിച്ച സാഹചര്യത്തില്‍ ഒരു യാത്രക്കാരന്‍ സ്‌റ്റേഷനിലെത്തിയത് 4.20നായിരുന്നു. എന്നാല്‍ ട്രെയിന്‍ സാധാരണ സമയം തന്നെ പോയതായി അന്വേഷണകേന്ദ്രത്തില്‍ നിന്നും പറഞ്ഞു. ഇതോടെ യാത്രചെയ്യാനാവാതെ വലഞ്ഞ ഇയാള്‍ പരാതി നല്‍കിയതായും നഷ്ടപരിഹാരം ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ട് പോവുമെന്നും തേജസിനോട് പറഞ്ഞു. ഹര്‍ത്താലും വിജയദശമി നവമി എന്നീ അവധിദിവസങ്ങള്‍ ആയതോടെയും ട്രെയിനുകളില്‍ നല്ല തിരക്കാ—യിരുന്നു. രാത്രിയിലെ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ലഭിക്കാതായതോടെയാണ് പുലര്‍ച്ചെയുള്ള ഏറനാടിന് റിസര്‍വേഷന്‍ ചെയ്തത്. എന്നാല്‍ ഉച്ചയോടെ തന്നെ മലബാര്‍ മേഖലയിലേക്ക് എത്തിച്ചേരുന്ന ഏറനാട് എക്‌സ്പ്രസ് കിട്ടാതായതോടെ പകല്‍സമയത്തുള്ള പരശുറാം, ജനശതാബ്ദി എന്ന ട്രെയിനുകളിലാണ് യാത്രക്കാര്‍ യാത്രചെയ്തത്.

RELATED STORIES

Share it
Top