വര്‍ഷം തികയും മുമ്പ് കസ്റ്റംസ് പാരിതോഷിക തുക തീര്‍ന്നു

കൊണ്ടോട്ടി: സംസ്ഥാനത്ത് കള്ളക്കടത്ത് വര്‍ധിക്കുന്നു. കസ്റ്റംസിന് രഹസ്യം കൈമാറിയതിനും കേസ് അന്വേഷണത്തിന് സഹായിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ ഇന്‍ഫോര്‍മര്‍ പാരിതോഷികം തുക വര്‍ഷം പൂര്‍ത്തിയാവും മുമ്പേ തീര്‍ന്നു. 40 ലക്ഷം രൂപയാണ് കസ്റ്റംസ് മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്ക് പാരിതോഷികം നല്‍കാനായി മാറ്റിവച്ചിരുന്നത്.
കള്ളക്കടത്ത് കൂടിയതോടെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ജനുവരിയോടെ തന്നെ നിശ്ചിത പാരിതോഷിക തുക തീര്‍ന്നുപോയി. ഇതോടെ അധിക ഗ്രാന്റിന് അധികാരികള്‍ക്ക് കത്തയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും പൊതുസ്ഥലങ്ങളില്‍ നിന്നുമായി ഒരുവര്‍ഷത്തിനിടെ സ്വര്‍ണമുള്‍പ്പടെയുള്ള കള്ളക്കടത്ത് വിവരം കസ്റ്റംസിന് രഹസ്യമായി നല്‍കിയതിനാണ് പാരിതോഷികം നല്‍കുന്നത്.
കള്ളക്കടത്ത് പിടികൂടുന്നതോടൊപ്പം, കള്ളക്കടത്തുകാരെ കുറിച്ച് കസ്റ്റംസിന് രഹസ്യ വിവരം നല്‍കുന്നവര്‍ക്കും പ്രതിഫലതുക ലഭിക്കും. ഇന്‍ഫോര്‍മറായി കൂടുതല്‍ രംഗത്തുവന്നത് സര്‍ക്കാര്‍ ജീവനക്കാരാണ്.
ഈ വര്‍ഷം 25 ലക്ഷവും നേടിയത് ഇന്‍ഫോര്‍മര്‍മാരയ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 15 ലക്ഷം മറ്റു ഇന്‍ഫോര്‍മര്‍ക്കും ലഭിച്ചു. കഴിഞ്ഞ 2016-17 കാലഘട്ടത്തില്‍ 38 ലക്ഷം രൂപയാണ് കസ്റ്റംസ് ഇന്‍ഫോര്‍മാര്‍ ഗ്രാന്‍ഡ് അനുവദിച്ചിരുന്നത്. ഇതില്‍ 23 ലക്ഷം രൂപയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വാങ്ങിയത്.
15 ലക്ഷം മറ്റു ഇന്‍ഫോര്‍മര്‍ക്ക് ലഭിച്ചു. 2015 ലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് (സിബിഇസി)ഇന്‍ഫോര്‍മാര്‍ക്ക് കൂടുതല്‍ ആകര്‍ഷണവും, തടസ്സരഹിതവുമായ തുക പ്രഖ്യാപിച്ചത്. ഓരോ കള്ളക്കടത്തും കസ്റ്റംസിന് രഹസ്യ വിവരം അറിയിച്ച് പിടിക്കപ്പെട്ടാല്‍ ഇന്‍ഫോര്‍മര്‍ക്ക് പിടിച്ചെടുത്ത സാധനങ്ങളുടെ മൊത്തം വിലയുടെ 20 ശതമാനം വരെ പാരിതോഷികം നല്‍കുന്നുണ്ട്. പിടിച്ചെടുത്തത് സ്വര്‍ണമാണെങ്കില്‍ 10 ഗ്രാമിന് 1500 രൂപയായാണ് പാരിതോഷികം നല്‍കുന്നത്. കറന്‍സിക്ക് 25 ശതമാനം പ്രതിഫലം ലഭിക്കും. ഇന്‍ഫോര്‍മര്‍ പ്രയാസപ്പെട്ടാണ് വലിയ കേസുകള്‍ പിടിക്കപ്പെടാന്‍ സഹായിക്കുന്നതെങ്കില്‍ മൂല്യത്തിന്റെ 30 ശതമാനം വരെ പാരിതോഷികം നല്‍കുന്നുണ്ട്. കള്ളക്കടത്ത് ഇന്‍ഫോര്‍മറിന്റെ വിവരങ്ങള്‍ കള്ളക്കടത്തുകാരില്‍ നിന്നും പൊതുജനത്തില്‍ നിന്നും കസ്റ്റംസ് രഹസ്യമായി സൂക്ഷിക്കും.
കേസില്‍ അപകടസാധ്യതകളും പ്രശ്‌നങ്ങളും മറികടന്ന് കള്ളക്കടത്ത് വ്യക്തികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത് ഇന്‍ഫോര്‍മറിന് പ്രതിഫലം നല്‍കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ കേന്ദ്ര, അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കള്ളക്കടത്ത് ഇന്‍ഫോര്‍മറായി പ്രവര്‍ത്തിക്കുന്നു.

RELATED STORIES

Share it
Top