വര്‍ഗീയ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്ക് എതിരേ നടപടി വേണം: സിപിഐ

കൊല്ലം: രാജ്യത്ത് ന്യൂനപക്ഷങ്ങളില്‍ ഭീതി നിറയ്ക്കാന്‍ വേണ്ടി ബലാല്‍സംഗത്തെ കരുവാക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കഠ്‌വാ, ഉന്നാവോ സംഭവങ്ങള്‍ ഇതിന് അടിവരയിടുന്നു. തങ്ങള്‍ക്കെതിരേ നീങ്ങിയാല്‍ ഇതായിരിക്കും അനുഭവമെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങളില്‍ ഭീതി വിതയ്ക്കാനുമുദ്ദേശിച്ചാണ് പല സംഭവങ്ങളും അരങ്ങേറുന്നത്. ഇത്തരം സംഭവങ്ങളിലെ പ്രതികളെ പിന്തുണയ്ക്കുകയാണ് ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും. ദലിത് വിഭാഗങ്ങള്‍ക്കെതിരേയും ഇതേ തന്ത്രമാണ് അവലംബിക്കുന്നത്.
2016ലെ ദേശീയ ക്രൈം റിക്കാഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദലിതര്‍ക്ക് നേരേയുള്ള ആക്രമണങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്ക് നേരെയാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ബലാല്‍സംഗ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഠ്‌വാ സംഭവത്തില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെപ്പോലും തടസ്സപ്പെടുത്താനാണ് ബിജെപിയോട് ആഭിമുഖ്യമുള്ള ജമ്മുവിലെ അഭിഭാഷകര്‍ ശ്രമിച്ചത്. ജമ്മു മേഖലയില്‍ നിന്നും മുസ്്‌ലിംകളെ പലായനം ചെയ്യിക്കുക എന്നതായിരുന്നു ഈ ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യമെന്നും പ്രമേയം ചൂണ്ടികാട്ടി. ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപബ്ലിക് ഓഫ് കൊറിയയും (ഉത്തര കൊറിയ), റിപബ്ലിക് ഓഫ് കൊറിയയും (ദക്ഷിണകൊറിയ) തമ്മില്‍ നടന്ന ഉച്ചകോടിയെ പാര്‍ട്ടികോണ്‍ഗ്രസ് സ്വാഗതം ചെയ്തു.
കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനത്തിന്റെതായ പുതിയ അന്തരീക്ഷത്തിന് ഇത് വഴിതെളിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ ജനത നടത്തുന്ന  പോരാട്ടങ്ങള്‍ക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top