വര്‍ഗീയ ഫാഷിസത്തിന്റെ കൊടും ക്രൂരതകള്‍ക്കെതിരേ അണിനിരക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജിദ്ദ: ഭരണവര്‍ഗത്തിന്റെ തണലില്‍ ബലാല്‍സംഗങ്ങളും പരസ്യമായ തല്ലിക്കൊലകളും മര്‍ദ്ദനങ്ങളും അനുസൃതം തുടരുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരേ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ച് സംഘപരിവാരം അഴിഞ്ഞാടുകയാണ്.
കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ പോലിസുകാരടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ ക്ഷേത്രത്തിനകത്ത് വച്ച് ഏഴു ദിവസം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ വിരലിലെണ്ണാവുന്ന മുസ്‌ലിം കുംടുംബത്തെ ഭയപ്പെടുത്തി ഒഴിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ക്രൂരത. സവര്‍ണരായ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഹിന്ദു ഏകതാമഞ്ചിന്റെ പേരില്‍ ആര്‍എസ്എസ് പരസ്യമായി രംഗത്തുവന്നു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത് ബിജെപി എംഎല്‍എ അടക്കമുള്ളവരാണ്. പോലിസില്‍ പരാതിപ്പെട്ട പിതാവ് ലോക്കപ്പില്‍ വച്ച് കൊല്ലപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം യുപിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ട് മുസ്ലിം മതപണ്ഡിതനെ തടഞ്ഞുനിര്‍ത്തി രണ്ട് ആര്‍എസ്എസുകാര്‍ അക്രമിക്കുകയും അപമാനിക്കുകയും ചെയ്തു. യോഗി ആദിത്യനാഥ് യുപിയില്‍ അധികാരമേറ്റ ശേഷം ആയിരത്തിലധികം യുവാക്കളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിജെപിയുടെ സവര്‍ണ മാടമ്പിത്തരവും മുസ്‌ലിം വംശഹത്യയും ദലിത് പീഢനങ്ങളും ചെറുക്കുന്നതിന് സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ബഹുജന്‍ മുന്നേറ്റത്തിന് തയ്യാറാവണമെന്ന് ഫോറം ആഹ്വാനം ചെയ്തു.
യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ്, മുജാഹിദ് പാഷ, ഇസ്മായീല്‍ (കര്‍ണാടക), നാസര്‍ ഖാന്‍, അല്‍ അമന്‍ (തമിഴ്‌നാട്), ഇ എം അബ്ദുല്ല, പി ടി ശരീഫ് തിരൂര്‍ക്കാട്, ആലിക്കോയ ചാലിയം, സിറാജ് വാണിയമ്പലം തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top