വര്‍ഗീയവിരുദ്ധ പോരാട്ടം അനാചാരങ്ങള്‍ തിരികെവരാതിരിക്കാന്‍: മന്ത്രി ജി സുധാകരന്‍ആലപ്പുഴ: വര്‍ഗീതയ്‌ക്കെതിരേയുള്ള പോരാട്ടം സ്ത്രീവിരുദ്ധ അനാചാരങ്ങള്‍ തിരികെ വരാതിരിക്കാനുള്ള പോരാട്ടം കൂടിയാണെന്ന് പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമബോര്‍ഡും ജില്ലാ യുവജനകേന്ദ്രവും ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന വനിത ശില്പശാല 'മാനുഷി 2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കരുതെന്ന മനുസ്മൃതിയിലെ കാഴ്ചപ്പാടോടെയുള്ള അനാചാരങ്ങള്‍ പണ്ട് നിലനിന്നിരുന്നു. വിധവകളെ മാറ്റിപ്പാര്‍പ്പിക്കല്‍, സതി അടക്കമുള്ളവ ഇതിന് ഉദാഹരണമാണ്. വര്‍ഗീയവാദികളില്‍ ഭൂരിഭാഗവും ഇത്തരം സ്ത്രീവിരുദ്ധ അനാചാരങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വര്‍ഗീയവാദികളുമായി സന്ധിയില്ല. പുരുഷനും സ്ത്രീയും കൈകോര്‍ത്തു പിടിച്ച് സാമൂഹിക മുന്നേറ്റത്തിനായി പോരാടണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, മുന്‍ എംപി സി എസ് സുജാത, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ സുമ, രമ്യ രമണന്‍, യുവജനക്ഷേമ ബോര്‍ഡംഗം മനു സി പുളിക്കല്‍, എസ് ആഷിത, ആര്‍ എസ് ചന്ദ്രികാ ദേവി, എം എം അനസ് അലി പ്രസംഗിച്ചു.
ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ആര്‍ രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മനു സി പുളിക്കല്‍ അധ്യക്ഷത വഹിക്കും.

RELATED STORIES

Share it
Top