വര്‍ഗീയതയ്‌ക്കെതിരായ ഐക്യം

എം  എം  സോമശേഖരന്‍

വര്‍ഗീയതയാണ് ഇന്ന് ഇന്ത്യയിലെ ഇടതുപക്ഷം അടക്കം ജനാധിപത്യവാദികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇടതുപക്ഷത്തെ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ വിമുഖരാണ് എന്നറിയാതെയല്ല ഈ പ്രസ്താവം. കോണ്‍ഗ്രസ്സും ബിജെപിയും ഒരേപോലെ നവലിബറല്‍ നയങ്ങളുടെ വക്താക്കളാണെന്നിരിക്കെ സമദൂര സിദ്ധാന്തമാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. അപ്പോള്‍ ബിജെപിയുടെ ആജന്മശത്രുക്കള്‍ തങ്ങള്‍ മാത്രമാണെന്ന് ഇവര്‍ തോന്നിക്കുകയും ചെയ്യും. ഫാഷിസം എന്നു പറയാമോ, അര്‍ധഫാഷിസമാണോ വര്‍ഗീയ ഫാഷിസമാണോ എന്നെല്ലാം കേരളത്തില്‍ ഇന്ന് ഉച്ചത്തില്‍ പ്രസംഗവേദികളിലെങ്കിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒരുകാലത്ത് മാര്‍ക്‌സിസം ബൗദ്ധികമായടക്കം എല്ലാ രംഗത്തും ഏറ്റവും ഉയര്‍ന്നുനിന്നിരുന്ന ഒരു ചിന്താസരണിയായിരുന്നുവെങ്കില്‍, ഇന്നത് മിക്കപ്പോഴും അര്‍ഥമറിയാത്ത വാക്കുകള്‍ ഉപയോഗിച്ചുള്ള ശബ്ദബഹളങ്ങള്‍ ഉണ്ടാക്കുന്ന പൈങ്കിളി ബുദ്ധിജീവികളുടെ വിഹാരകേന്ദ്രമായിരിക്കുന്നു എന്നതാണ് ഖേദകരം. ഫാഷിസം ഒരു മാര്‍ക്‌സിസ്റ്റ് സാങ്കേതിക പദമല്ല. ഒന്നാം ലോകയുദ്ധാനന്തര കാലത്ത് ജര്‍മനിയിലും ഇറ്റലിയിലും രൂപമെടുത്ത ജനാധിപത്യവിരുദ്ധ ഭരണരൂപങ്ങളുടെ പൊതുപേരാണ്. ജര്‍മനിയിലെ നാത്‌സി പാര്‍ട്ടിയെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി എടുത്തുകാട്ടുക. നാത്‌സിയെന്നാല്‍ നാഷനല്‍ സോഷ്യലിസമാണ്. പിന്നീട് ദിമിത്രോവും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനലും ഫാഷിസത്തിനു സ്വന്തമായൊരു നിര്‍വചനവും അര്‍ഥവും പ്രദാനം ചെയ്യുകയാണുണ്ടായത്. അഥവാ ഫാഷിസം എന്ന പദം അക്കാലം മുതല്‍ വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടിക്കാരും വ്യത്യസ്ത വീക്ഷണങ്ങളുള്ളവരും വ്യത്യസ്ത അര്‍ഥത്തിലാണ് ഉപയോഗിച്ചുപോന്നിട്ടുള്ളത്. സാമാന്യമായ അര്‍ഥത്തില്‍ ജനാധിപത്യ വിരുദ്ധത ഈ എല്ലാറ്റിലുമടങ്ങുന്നു എന്നു മാത്രം. എന്നാല്‍, മാര്‍ക്‌സിസ്റ്റുകാര്‍ ഇത്തരമൊരു സാമാന്യമായ അഴകൊഴമ്പന്‍ പ്രയോഗത്തെ അംഗീകരിച്ചിട്ടുമില്ല. ഉദാഹരണത്തിനു സ്റ്റാലിന്റെ ഫാഷിസത്തെയോ സോവിയറ്റ് സര്‍വാധിപത്യത്തെയോ മാര്‍ക്‌സിസ്റ്റുകാര്‍ കാണുന്നതും ഇതര ബൂര്‍ഷ്വാ പാര്‍ട്ടികള്‍ കാണുന്നതും വ്യത്യസ്തമായ അര്‍ഥത്തിലാണല്ലോ. ഇത്തരം കാര്യങ്ങളെ വച്ച് ഒരു സൈദ്ധാന്തിക വിതണ്ഡവാദമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, ഫാഷിസം വച്ച് സൈദ്ധാന്തിക വിതണ്ഡവാദം നടത്തുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഇതെല്ലാമറിയാന്‍ ബാധ്യസ്ഥമാണെന്നു ചൂണ്ടിക്കാട്ടുന്നതിനാണ്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ പറഞ്ഞ ജീര്‍ണിച്ച കുത്തക മുതലാളിത്തമെന്ന കാഴ്ചപ്പാട് വച്ചു മാത്രം വിശദീകരിക്കാവുന്ന ഒന്നല്ല ഇന്ത്യയിലുള്ളത്. സങ്കുചിത ദേശീയത യൂറോപ്യന്‍ ഫാഷിസത്തിന്റെ ഏറ്റവും പ്രകടമായ മുഖമായിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നവര്‍ക്കോ ചരിത്രത്തിലെ ആര്‍എസ്എസിനോ അതു ചാര്‍ത്തിക്കൊടുക്കുകയാണെങ്കില്‍ അവര്‍ സന്തോഷപൂര്‍വം സ്വീകരിക്കാനിടയുള്ള ഒരു വലിയ തൊങ്ങലാകുമത്. ഇന്ത്യയില്‍ അതു മധ്യകാലികമായ വര്‍ണവ്യവസ്ഥയുടെയും ജാതിയുടെയും മതഭരണത്തിന്റെയും ചിന്തയിലും പ്രവൃത്തിയിലുമെല്ലാമുള്ള പാശ്ചാത്യ കൊളോണിയല്‍ ദാസ്യത്തില്‍ പൊതിഞ്ഞ പഴകിപ്പുളിച്ച ഒരു സൂപ്പാണ് വിളമ്പുന്നത്. നേരത്തേ പറഞ്ഞ ജനാധിപത്യ വിരുദ്ധമാണതെന്ന സാമാന്യ അര്‍ഥത്തില്‍ മാത്രമേ ഫാഷിസം എന്ന പ്രയോഗം ഇന്ത്യയില്‍ സംഗമാവുന്നുള്ളൂ. ചിലിയില്‍ അമേരിക്കന്‍ പാവയായി ഭരിച്ച പിനോഷെ സര്‍ക്കാരിനെയും ഇക്കാലത്ത് രൂപപ്പെട്ട സോവിയറ്റ് പാവഭരണങ്ങളെയുമെല്ലാം ഇങ്ങനെ പല അര്‍ഥത്തില്‍ ഫാഷിസം എന്നും ഫാഷിസ്റ്റ് ജൂണ്ട എന്നുമൊക്കെ വിശേഷിപ്പിച്ചുപോന്നിട്ടുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ ഫാഷിസത്തെയും ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയെയും കുറിച്ചുമെല്ലാം ദിമിത്രോവ് പറഞ്ഞതിനെ പിന്‍പറ്റുന്നു എന്ന നിലയില്‍ ഇന്ന് ഇടതുപക്ഷത്തു നടക്കുന്ന വിവാദങ്ങളുടെയും വിചാരങ്ങളുടെയുമെല്ലാം ഉള്ളില്‍ മിക്കവാറും കാണുക ചില ജാര്‍ഗണുകള്‍ ഉപയോഗിച്ചുള്ള കസര്‍ത്തുകള്‍ മാത്രമാണ്. ജനാധിപത്യത്തെ ഇല്ലാതാക്കല്‍ എന്ന സര്‍വസാധാരണമായി സ്വീകരിക്കുന്ന അര്‍ഥത്തില്‍ ഫാഷിസത്തെ കാണുകയാണെങ്കില്‍ ഇന്ത്യ ഭരിക്കുന്നവര്‍ രാജ്യത്തെ അങ്ങോട്ടേക്കാണ് നയിക്കാന്‍ ശ്രമിക്കുന്നതെന്ന് ആര്‍ക്കും കാണാം. ഭരണത്തിലേറുന്നതിനൊക്കെ ഏറെ മുമ്പുതന്നെ പട്ടാളവും പോലിസുമടക്കമുള്ള എക്‌സിക്യൂട്ടീവില്‍ വര്‍ഗീയത ബലമായി വേരിറക്കിയിരുന്നു. പെന്‍ഷന്‍ പറ്റിയവരും അല്ലാത്തവരുമായ പട്ടാളമേധാവികളും ബിജെപിയും അല്ലെങ്കില്‍ ആര്‍എസ്എസും തമ്മിലുള്ള ബന്ധം നോക്കിയാല്‍ അതറിയാം. ഭരണഘടനാപരമായി രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ പട്ടാളവും പോലിസും വര്‍ഗീയ പ്രവണതകള്‍ കാട്ടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാകും രാജ്യത്ത് ഉണ്ടാക്കുക. ഇടതുപക്ഷത്തിനു മേല്‍ക്കൈയുണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ വരെ പോലിസിലെ വര്‍ഗീയ സ്വാധീനം ഇന്നു ചര്‍ച്ചാവിഷയമാണ്. യൂനിഫോമിന്റെ കൂടെ മറ്റെന്തെങ്കിലും ധരിക്കുന്നത് ചട്ടവിരുദ്ധമായിട്ടും ഉന്നത പോലിസുദ്യോഗസ്ഥര്‍ വരെ കേരളത്തിലും മതവര്‍ഗീയ ധ്വനികളുള്ള ചരടും മറ്റും ധരിച്ചു പരസ്യമായി വരുന്നു. ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം സുപ്രിംകോടതിയില്‍ അടുത്ത കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. ചീഫ്ജസ്റ്റിസിനെ ചുറ്റിത്തന്നെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും റിപോര്‍ട്ട് ചെയ്തുവരുന്ന ജുഡീഷ്യറിക്കകത്തെ അദ്ദേഹത്തിന്റെ സംശയകരമായ ഇടപെടലുകളും അഴിമതിയും വര്‍ഗീയതയും തമ്മിലുള്ള ഒത്തുചേരലിന്റെ മണമാണ് പ്രസരിപ്പിക്കുന്നത്. കോടതിയും രാജ്യം അറിയുന്ന മുതിര്‍ന്ന അഭിഭാഷകരും തമ്മില്‍ ഇന്നു നടക്കുന്ന ശീതസമരങ്ങളും വിവാദങ്ങളും തന്നെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇലക്ഷന്‍ കമ്മീഷന്റെ അടുത്ത കാലത്തെ നടപടികളെല്ലാം ഭരിക്കുന്നവരുടെ ചട്ടുകമായി അതു മാറുന്നുവെന്ന തോന്നലാണുണ്ടാക്കുന്നത്. ചരിത്രവിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കലാസാഹിത്യ മേഖലകളില്‍ അടക്കമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മണ്ഡലങ്ങളില്‍ വര്‍ഗീയമായ കൈകടത്തലുകള്‍ ഇന്നു വളരെ പ്രകടമാണ്. ജാതി-മതശക്തികളാണ് ഭരണഘടനയ്ക്കു പകരം ഇന്നു സെന്‍സര്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുന്നതെന്നു തോന്നും. ഇങ്ങനെ ഭരണഘടനാ സ്ഥാപനങ്ങളൊന്നടങ്കം ഭരണഘടനാ ബാഹ്യമായ വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പെട്ടതാക്കുക എന്നത് ഭരിക്കുന്നവരുടെ ആഗ്രഹങ്ങളിലെങ്കിലും ഇന്ത്യയെ ഒരു മതാന്ധഭരണത്തിലേക്ക് നയിക്കുന്നതിനുള്ള ലക്ഷണങ്ങളാണ് എടുത്തുകാട്ടുന്നത്. തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളുടെ ഏകമുഖ വക്താക്കള്‍ തിരിച്ചറിയേണ്ടത് അവര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് അനുകൂലമായ ജനാധിപത്യ സംരക്ഷണമാണ് ഒന്നൊന്നായി നഷ്ടമാവുന്നതെന്നതാണ്. പിന്നെ അവശേഷിക്കുക സായുധസമരത്തിന്റെ വഴിയാകും. ഈ തീവ്ര വര്‍ഗസമരവാദ നേതാക്കളുടെ രാഷ്ട്രീയത്തിന്റെ ചെമ്പ് അടിയന്തരാവസ്ഥ ജനങ്ങള്‍ക്കു മുമ്പില്‍ നേരത്തെ തുറന്നുകാട്ടിയതുമാണ്. ഇത്തരം തീവ്ര വര്‍ഗസമര വായുപിടിത്തങ്ങള്‍ മറുവശത്ത് നാണംകെട്ട കീഴടങ്ങലിനെയാണ് വഹിക്കുന്നത് എന്നതാണ് ചരിത്രസത്യം. ജനവിരുദ്ധ സാമ്പത്തിക നയത്തെ എതിര്‍ക്കുന്നത് അടക്കം വര്‍ഗസമരത്തിന്റെ തന്നെ വളര്‍ച്ചയ്ക്ക് ഇന്ന് ആവശ്യം ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ്. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫാഷിസം, ജനാധിപത്യവിരുദ്ധം തുടങ്ങിയ പദങ്ങളില്‍ മാത്രം വര്‍ഗീയതയുടെ വിനാശഫലങ്ങളെ ചുരുക്കാനാവില്ല. വ്യത്യസ്ത മതങ്ങളും മതവിശ്വാസികളല്ലാത്തവരും ആയിരക്കണക്കിനു ജാതി-ഉപജാതി ഗ്രൂപ്പുകളും ഭാഷാ-ദേശാചാരഭേദങ്ങളുമെല്ലാമുള്ള രാജ്യമാണ് ഇന്ത്യ. മതാധികാരവും അതോടു ചേര്‍ന്നു തീര്‍ച്ചയായും വരുന്ന വര്‍ണാശ്രമ താല്‍പര്യങ്ങളും ജാതിസ്വത്വങ്ങളുമെല്ലാം ഇന്ത്യയെ നെടുകെയും കുറുകെയും പിളര്‍ക്കുന്നതിനും ദേശീയതയെ തന്നെ ഛിദ്രമാക്കുന്നതിനുമാണ് സഹായിക്കുക. ഇന്ത്യക്ക് നൂറ്റാണ്ടുകള്‍ നീണ്ട അപമാനകരമായ കൊളോണിയല്‍ ദാസ്യം സഹിക്കേണ്ടിവന്നതിനു പിറകിലെ പ്രധാന ഘടകവും ഈ മധ്യകാല ഛിദ്രവാസനകളായിരുന്നു. ആഗോളവല്‍ക്കരണത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെല്ലാമെതിരേ പെട്ടിപ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്ക് എന്തുകൊണ്ടാണീ ദേശാപമാനത്തെ വിളിച്ചുവരുത്തുന്ന രാജ്യദ്രോഹത്തെ അതിന്റെ ഗൗരവത്തില്‍ തിരിച്ചറിയാനാവാത്തത്? ചരിത്രത്തിലെ ഇരട്ടകളാണ് ആധുനിക ദേശീയതയും ജനാധിപത്യവും. മുതലാളിത്തവും ഇതുമായി കെട്ടുപിണഞ്ഞാണ് രൂപപ്പെട്ടത്. നാടുവാഴിപ്രഭുക്കളുടെയും രാജാക്കന്‍മാരുടെയും ഭരണത്തില്‍ നിന്നു വ്യത്യസ്തമായി ഒരു പൊതുനിയമവാഴ്ചയ്ക്കു കീഴില്‍ ഏകീകരിക്കപ്പെടുന്ന പൗരസമൂഹമാണ് ആധുനിക ദേശീയതയുടെ പ്രധാന ആധാരങ്ങളിലൊന്ന്. ഒരര്‍ഥത്തില്‍ മധ്യകാലത്തെ മതാധികാരത്തിന്റെയും ദൈവത്തിന്റെയുമെല്ലാം സ്ഥാനത്ത് ഭരണഘടനയും നിയമവാഴ്ചയും വരുന്നുവെന്നു പറയാം. ജനാധിപത്യമെന്നാല്‍ വെറും തിരഞ്ഞെടുപ്പുകള്‍ മാത്രമല്ലെന്നും ഇതിനര്‍ഥമുണ്ട്. അത് ഭരണഘടനയും പൗരാവകാശങ്ങളും കടമകളും മുകളില്‍ പറഞ്ഞവിധം പല ഭരണഘടനാ സ്ഥാപനങ്ങളും എല്ലാമായി പരസ്പരനിബദ്ധമാണ്. തിരഞ്ഞെടുപ്പുകളും സര്‍ക്കാരുകളും അതിന്റെ ഒരു ഭാഗം മാത്രമേയാവുന്നുള്ളൂ. നിയമത്തിനു മുമ്പിലെങ്കിലും എല്ലാ പൗരന്‍മാരും തുല്യരായിരിക്കുക എന്നതുമിതില്‍ പ്രധാനമാണ്. ഭരണഘടനയും ഭരണഘടനാനുസൃതമായ നിയമവാഴ്ചയും ഇതില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. വ്യത്യസ്ത സിവില്‍ കോഡുകള്‍ വരെ നിലനില്‍ക്കുന്നതായിരിക്കെ ഇന്ത്യയില്‍ ഇപ്പോഴും ഒരു ഏകീകൃത സിവില്‍ സമൂഹത്തിന്റെ നിര്‍മിതി പൂര്‍ണമായിട്ടില്ലെന്ന് ഭരണഘടന തന്നെ ഏറ്റുപറയുന്നുണ്ട്. അവിടേക്കെത്തുക എന്നത് ഇപ്പോഴും ഒരു നിര്‍ദേശക തത്ത്വം മാത്രമാണ്. ഇതിനു പുറത്താണ് വ്യത്യസ്ത ജാതിസമുദായങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണം അടക്കം വിശേഷാവകാശങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയുടെ യാഥാര്‍ഥ്യബോധത്തെയാണിവ പ്രതിഫലിപ്പിക്കുന്നത്. ഭരണഘടനയും പൊതുനിയമവാഴ്ചയും മുകളില്‍ നിന്നു കെട്ടിയേല്‍പിക്കേണ്ട ഒന്നു മാത്രമായിക്കൂടെന്നും അത് അടിയില്‍ നിന്നു രൂപപ്പെടേണ്ടതു കൂടിയാണെന്നും ഇതു കാണിക്കുന്നു. അഥവാ, രാഷ്ട്രരൂപീകരണ പ്രക്രിയയിലെ ഒരു നിര്‍ദിഷ്ട ചരിത്രസന്ദര്‍ഭത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവുമായി വേണം ഇത് ചേര്‍ത്തുവായിക്കുന്നത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ പരസ്പരം സഹവര്‍ത്തിച്ചും വിയോജിച്ചും വളര്‍ന്ന രണ്ടു വലിയ ധാരകളുണ്ട്. കൊളോണിയല്‍ വിരുദ്ധ സമരത്തിന് നേരിട്ട് നേതൃത്വം കൊടുത്ത ദേശീയ പ്രസ്ഥാനവും ദേശഭാഷാടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്ന വ്യത്യസ്ത നവോത്ഥാന പ്രസ്ഥാനങ്ങളുമാണിവ. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ജനാധിപത്യ പൗരസമൂഹ രൂപീകരണപ്രക്രിയയുമായി കൂട്ടുചേര്‍ന്നല്ലാതെ കൊളോണിയല്‍-കൊളോണിയല്‍ പൂര്‍വ-മധ്യകാല ഇന്ത്യക്ക് ഇന്നു നിലനില്‍ക്കുന്ന ആധുനിക ദേശരാഷ്ട്രത്തെ സൃഷ്ടിച്ചെടുക്കാനാവുമായിരുന്നില്ല. മധ്യകാലികത പരസ്പരം പോരടിക്കുന്ന ഛിദ്രവാസനകളെ പ്രതിനിധീകരിക്കുമ്പോള്‍ നവോത്ഥാനമാണ് ആധുനികമായ ഒരു ഏകീകൃത പൗരസമൂഹത്തിന്റെ രാസഘടന രൂപപ്പെടുത്തിയത്. ദേശീയ പ്രസ്ഥാനത്തിലെ ഗാന്ധിയന്‍ കാലത്തെ വ്യത്യസ്തമാക്കുന്ന ഘടകം കൂടിയാണിത്. ഗാന്ധിയന്‍ നേതൃത്വത്തിന്റെ ഒരു പ്രധാന ഭാഗം ബ്രിട്ടിഷ് വിരുദ്ധ സമരത്തെക്കാളുപരി നിര്‍മാണ പ്രവര്‍ത്തനങ്ങളായാണ് പ്രത്യക്ഷമായത്. ഒരു രാഷ്ട്രത്തെ നിര്‍മിച്ചെടുക്കുന്നതുകൂടിയായിരുന്നു കൊളോണിയല്‍ വാഴ്ചയില്‍ നിന്നുള്ള മോചനത്തിനുള്ള ഒരു വഴി. ശുചിത്വബോധം മുതല്‍ അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും മതസഹിഷ്ണുതയും ഹിന്ദി പ്രചാരണവും ഖാദിയും തുടങ്ങി പല വഴികളിലാണീ നിര്‍മാണപ്രക്രിയയെ അദ്ദേഹം നയിച്ചത്. ഗ്രാമസ്വരാജ് തുടങ്ങിയ സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടുകളും അദ്ദേഹം മുന്നോട്ടുവച്ചു. ഇവയുടെ വിശദാംശങ്ങളോടെല്ലാം യോജിച്ചാലും വിയോജിച്ചാലും പടിപടിയായി അനുക്രമം ഒരു രാഷ്ട്രത്തെ നിര്‍മിച്ച് ഉയര്‍ത്തേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് ഇതില്‍ പ്രധാനം. പലപ്പോഴും നിയമം ലംഘിക്കുന്നതിനോടൊപ്പം ഒരു പൊതുനിയമത്തെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയെ കൂടി അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചു. സ്വാതന്ത്ര്യാനന്തര കാലം ഒരേകീകൃത പൗരസമൂഹനിര്‍മിതിയില്‍ ഊന്നുന്ന ഈ രാഷ്ട്രനിര്‍മാണപ്രക്രിയയെ അതിന്റെ പാട്ടിനു വിടുകയല്ലാതെ ബോധപൂര്‍വമായി മുന്നോട്ടുകൊണ്ടുപോവുന്നതിനു വിസമ്മതിച്ചു എന്നതാണ് ചരിത്രത്തിന്റെ ദുരന്തം.                                              ി (അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top