വര്‍ക്കല തീരദേശമേഖല കടലാക്രമണ ഭീതിയില്‍; മൂന്നു വള്ളങ്ങള്‍ തകര്‍ന്നു

വര്‍ക്കല: വര്‍ക്കല തീരമേഖലയില്‍ കടലാക്രമണം രൂക്ഷം. തിങ്കളാഴ്ച രാപ്പകല്‍ ഭേദമന്യേ ഇടവിടാതെ തുടര്‍ന്ന പേമാരിയില്‍ പടുകൂറ്റന്‍ തിരമാലകളാണ് രൂപപ്പെട്ടത്. പലയിടങ്ങളിലും കടല്‍ഭിത്തി തകര്‍ത്താണ് തിരമാലകള്‍ കരകയറിയത്. താഴെ വെട്ടൂര്‍ ഭാഗത്ത് തീരത്ത് കയറ്റിവച്ചിരുന്ന മൂന്ന് മല്‍സ്യബന്ധന വള്ളങ്ങള്‍ കൂറ്റന്‍ തിരമാലകളില്‍പെട്ട് സമ്പൂര്‍ണമായി തകര്‍ന്നു. 14 ഓളം വള്ളങ്ങള്‍ക്ക് ഭാഗികമായ കേടുപാടുകളുണ്ടായി. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെ നടന്ന തിരയടിയില്‍  വലകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകളുണ്ടായി. കാറ്റും കടല്‍ക്ഷോഭവും രൂക്ഷമായതോടെ കരകയറ്റിയിരുന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് തകര്‍ന്നിട്ടുള്ളത്. തീരപ്രദേശത്തെ നാല്‍പതോളം വീടുകള്‍ വെള്ളക്കെട്ടിലാണ്. അപകടസാധ്യതകണക്കിലെടുത്ത് തീരവാസികളില്‍ പലരും ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിട്ടുണ്ട്. പെരുമഴ തുടര്‍ന്നാല്‍ അവശേഷിക്കുന്ന കുടിലുകളിലും വെള്ളക്കെട്ട് ഉണ്ടാകും. പെരുമഴ തുടര്‍ന്നാല്‍ അവശേഷിക്കുന്ന കുടിലുകളിലും വെള്ളക്കെട്ട് ഉണ്ടാകും. വേണ്ടിവന്നാല്‍ വെട്ടൂര്‍ മേഖലയിലെ തീരവാസികളെ പുനരധിവസിപ്പിക്കേണ്ടിവരും. ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ മല്‍സ്യബന്ധനത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയാണ് തൊഴിലാളികള്‍. അഡ്വ.വി ജോയി എംഎല്‍എ, താലൂക്ക് തഹസീല്‍ദാര്‍ ഷാജി, പോലിസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

RELATED STORIES

Share it
Top