വരുമാനം വെളിപ്പെടുത്തല്‍ : സന്നദ്ധ സംഘടനകള്‍ക്ക് അന്തിമ അവസരം ജൂണ്‍ 14 വരെന്യൂഡല്‍ഹി: രാജ്യത്തെ സന്നദ്ധ സംഘടനകള്‍ക്ക് വാര്‍ഷിക വരുമാനം വെളിപ്പെടുത്തുന്നതിന് അടുത്തമാസം 14 വരെ കേന്ദ്ര സര്‍ക്കാര്‍ സമയപരിധി പ്രഖ്യാപിച്ചു. വരുമാനവും ചെലവുകളും സംബന്ധിച്ച കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്താത്ത സംഘടനകള്‍ക്ക്് ഈ പരിധിക്കുള്ളില്‍ വിവരങ്ങള്‍ സമര്‍പിക്കാം. വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) 2010 പ്രകാരം സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന്് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2010-11 മുതല്‍ 2014-15 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വരുമാന വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടിയെന്ന നിലയിലാണ് ഈമാസം 15ന് ആരംഭിക്കുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഒരുമാസ കാലാവധി അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു. എഫ്‌സിആര്‍എ പ്രകാരമുള്ള വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 10,000ലധികം സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എഫ്‌സിആര്‍എ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച 1,300ലധികം സംഘടനകളുടെ അനുമതി പുതുക്കി നല്‍കാനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 11,000ലധികം സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഫെബ്രുവരി 27 വരെയായിരുന്നു ഇതിനുള്ള കാലാവധി. 3,500ഓളം സംഘടനകള്‍ ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കി. 7,000ഓളം സംഘടനകളാണ് രജിസ്‌ട്രേഷനായുള്ള വിവരങ്ങള്‍ ഇതുവരെ സമര്‍പ്പിക്കാത്തത്.

RELATED STORIES

Share it
Top