വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി കെഎസ്ആര്‍ടിസിശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: ശമ്പള വിതരണത്തിന് കടമെടുക്കേണ്ട അവസ്ഥയില്‍നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ് വകുപ്പ്. സര്‍വീസ് ഷെഡ്യൂള്‍ ചെയ്യുന്നതു മുതല്‍ ട്രാഫിക് സിഗ്നലിലെ ഇന്ധന നിയന്ത്രണം വരെയുള്ള ചെറിയ കാര്യങ്ങളില്‍പോലും ആസൂത്രണം നടത്തി പണം മിച്ചംപിടിക്കാനാണ് ശ്രമം. സര്‍വീസ് ഓപറേഷനുകള്‍ കാര്യക്ഷമമാക്കിയതോടെ തന്നെ ടിക്കറ്റ് വരുമാനത്തില്‍ വര്‍ധനവുണ്ടായെന്ന് വകുപ്പ്മന്ത്രി തോമസ്ചാണ്ടി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് ഇതര വരുമാനമാണ് കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി ഭദ്രമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. എന്നാല്‍, ഇവയില്‍ കുടിശ്ശികയുണ്ടാവുന്നതുള്‍പ്പെടെയുള്ള കാലതാമസം നിലവിലുണ്ട്. ഇതൊഴിവാക്കാനുള്ള പദ്ധതികളും വകുപ്പ് ആസൂത്രണം ചെയ്തുവരുന്നു. കൂടാതെ തമ്പാനൂര്‍, തിരുവല്ല, അങ്കമാലി ഡിപ്പോകളിലെ വാണിജ്യസമുച്ചയങ്ങള്‍ പൂര്‍ണമായ തോതില്‍ സജ്ജമാകുന്നതോടെ വാടക വരുമാനം വര്‍ധിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോര്‍പറേഷനു കീഴിലുള്ള സ്റ്റാളുകളുടെ വാടക, ലൈസന്‍സ് ഫീസ്, കൊറിയര്‍-പാഴ്‌സല്‍ സര്‍വീസുകള്‍, പാര്‍ക്കിങ്-വാടക തുടങ്ങിയ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ പ്രതിമാസം 1,54,51,332 രൂപയാണ് കെഎസ്ആര്‍ടിസിയുടെ അധിക വരുമാനം. കാന്റീന്‍ വാടക 78,9043 രൂപ, പരസ്യവരുമാനം 77,14,050, എടിഎം കൗണ്ടര്‍ വാടക 94,1177, കോഫി വെന്റിങ് മെഷീന്‍വാടക 6,05,000, കൊറിയര്‍-പാഴ്‌സല്‍ സര്‍വീസ് 2,0000, ഷോപ്പിങ് കോംപ്ലക്‌സുകളിലെ ലൈസന്‍സ് ഫീസ് ഇനത്തില്‍ 15,18,969 രൂപ എന്നിങ്ങനെയാണ് പ്രതിമാസം ലഭ്യമാവുന്ന ടിക്കറ്റിതര വരുമാനം. വാഹന പാര്‍ക്കിങ് വരുമാനമായി ലഭിക്കുന്ന 8,98,952 രൂപയും ശുചിമുറികളുടെ വാടകയിനത്തില്‍ ലഭ്യമാകുന്ന 6,24,100 രൂപയും ഇതില്‍പ്പെടും. ഇവയ്ക്കു പുറമെ സ്‌ക്രാപ് ഉല്‍പന്നങ്ങളുടെ വില്‍പന വഴി ഈ വര്‍ഷം 6.48 കോടി രൂപയുടെ വരുമാനവും ലഭിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ ഉടമസ്ഥതയിലെ  മരങ്ങളുടെ കായ്ഫലങ്ങള്‍ ലേലംചെയ്ത ഇനത്തില്‍  1,97,993 രൂപയും വരുമാനമായി ലഭിച്ചു. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് വാടകയിനത്തിലെ വരുമാനം ഏറ്റവും കൂടുതല്‍. 68.88 ലക്ഷം രൂപ. 37.42 ലക്ഷം വാടകവരുമാനം നേടുന്ന കൊട്ടാരക്കരയാണ് മറ്റൊരു ഡിപ്പോ. കാട്ടാക്കട 32.98 ലക്ഷം, പയ്യന്നൂര്‍ 28.28 ലക്ഷം, കണ്ണൂര്‍ 17.49 ലക്ഷം, നെടുമങ്ങാട് 8.3 ലക്ഷം, നെയ്യാറ്റിന്‍കര 5 ലക്ഷം എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍നിന്ന് ലഭ്യമാവുന്ന വാടകത്തുക. അങ്കമാലി, തിരുവല്ല, തമ്പാനൂര്‍ ടെര്‍മിനലുകളില്‍ ഭാഗികമായി മാത്രമാണ് കടമുറികള്‍ നല്‍കിയിട്ടുള്ളത്. നിലമ്പൂര്‍, തൊടുപുഴ ഡിപ്പോകളിലെ വാണിജ്യകേന്ദ്രങ്ങളുടെ ലേലനടപടികള്‍ അവസാന ഘട്ടത്തിലുമാണ്. ഇവയെല്ലാം പൂര്‍ത്തിയാക്കി വരുമാനം വര്‍ധിപ്പിച്ച് അടുത്ത വര്‍ഷാം മുതല്‍ കടംവാങ്ങാതെ ശമ്പളം നല്‍കാവുന്ന അവസ്ഥയില്‍ കെഎസ്ആര്‍ടിസിയെ എത്തിക്കാനുമാണ് ശ്രമം നടക്കുന്നത്.

RELATED STORIES

Share it
Top