വരുന്നു, 'ഇമ്മിണി ബല്യ ഒരു ബാങ്ക്'

വിജയാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്- ഈ ബാങ്കുകള്‍ മൂന്നും ചേര്‍ത്ത് ലയിപ്പിച്ച് 'ഇമ്മിണി ബല്യ ഒരു ബാങ്കാ'ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പുതുതായുണ്ടാവുന്ന ബാങ്ക് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി മാറുമെന്നും കൂടുതല്‍ കരുത്താര്‍ജിക്കുന്നതോടെ കിട്ടാക്കടങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ കാര്യക്ഷമതയുണ്ടാക്കാനും സാധിക്കുമെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെടുന്നത്. ലയനത്തിനു വിധേയമാവുന്ന മൂന്ന് ബാങ്കുകളും 20ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ആരംഭിച്ചവയാണ്. 1969ല്‍ വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച കൂട്ടത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വന്നവയാണ്. അവയില്‍ വിജയാ ബാങ്ക് 2017-18ല്‍ ലാഭം നേടിയ ബാങ്കുമാണ്. മൂന്നു ബാങ്കുകളും ചേര്‍ന്ന് ഒന്നാവുന്നതോടെ പുതിയ ബാങ്കിന്റെ വിപണിമൂല്യം 48,000 കോടി രൂപയിലെത്തുമെന്നാണു കണക്ക്. കൂടുതല്‍ ഉപഭോക്താക്കളെ കൂടുതല്‍ നന്നായി സേവിക്കാന്‍ സാധിക്കുമെന്നാണ് ലയനത്തെ സ്വാഗതം ചെയ്യുന്നവര്‍ പറയുന്നത്.
എന്നാല്‍, ബാങ്കിങ് രംഗത്ത് ഇന്നു നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ലയനം പരിഹാരമാവുമെന്നു കരുതാവുന്ന തരത്തിലല്ല കാര്യങ്ങളുടെ സ്ഥിതി. എന്‍ഡിഎ ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് ബാങ്കുകളുടെ ഏകീകരണം. അതിന്റെ ഭാഗമായി എസ്ബിഐയില്‍ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു. എന്നാല്‍, അതുകൊണ്ട് ഇടപാടുകാര്‍ക്ക് യാതൊരു ഗുണവുമുണ്ടായിട്ടില്ല. എന്നു മാത്രമല്ല, ഓരോ സംസ്ഥാനത്തിന്റെയും സവിശേഷ ബാങ്കിങ് സംസ്‌കാരവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ബാങ്കുകളുടെ തനിമ നഷ്ടപ്പെടുകയും ചെയ്തു. പുതുതായി നടക്കാന്‍ പോവുന്ന ഏകീകരണംകൊണ്ടും കിട്ടാക്കടങ്ങള്‍ കുറയുകയോ ബാങ്കിന്റെ കൃത്യതയും കാര്യക്ഷമതയും വര്‍ധിക്കുകയോ അഴിമതികള്‍ അവസാനിക്കുകയോ ചെയ്യാന്‍ പോവുന്നില്ല. തിരിച്ചടവില്ലാത്ത വായ്പകള്‍ വര്‍ധിക്കുന്നത് ബാങ്കുകള്‍ക്ക് വലുപ്പവും മൂലധന-നിക്ഷേപക്കരുത്തും കുറഞ്ഞതുകൊണ്ടൊന്നുമല്ല. ബാങ്ക് അധികൃതരുടെ അനാസ്ഥകൊണ്ടും സര്‍ക്കാര്‍ നയങ്ങളില്‍ അന്തര്‍ലീനമായ കുഴപ്പങ്ങള്‍കൊണ്ടുമാണ്.
നിലവില്‍ ബാങ്കിങ് രംഗത്തുള്ള വായ്പാവ്യവസ്ഥകള്‍ ഒരളവോളം കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമാണ്. കേന്ദ്രസര്‍ക്കാര്‍, ഈ മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്യുകയുമാണ്. അതുകൊണ്ടാണ് കഴിഞ്ഞ മൂന്നു കൊല്ലക്കാലത്തിനുള്ളില്‍ നിഷ്‌ക്രിയ ആസ്തികള്‍ വന്‍തോതില്‍ വര്‍ധിച്ചത്. മൊത്തം എന്‍പിഎ കഴിഞ്ഞ മാര്‍ച്ചില്‍ വായ്പകളുടെ 15.6 ശതമാനമായി വര്‍ധിച്ചു. വിജയ് മല്യയെയും നീരവ് മോദിയെയുംപോലുള്ള വന്‍കിട മുതലാളിമാര്‍ ശതകോടികളുടെ വെട്ടിപ്പു നടത്തി രാജ്യം വിട്ടു. ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിജയ് മല്യ നാടുവിട്ടതെന്നാണ് ഏറ്റവും പുതിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണു രാജ്യം. രൂപയുടെ വിലയിടിയുന്നു. വിദേശനാണ്യശേഖരം കുറയുന്നു. ഓഹരി വിപണി തകരുന്നു. ചെറുകിട വായ്പകള്‍ വന്‍ ബാധ്യതയുണ്ടാക്കുമെന്നാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാംരാജന്റെ മുന്നറിയിപ്പ്. ഇതുമൂലമുണ്ടാവുന്ന അപകടങ്ങളെ പ്രതിരോധിക്കാനെന്ന പേരിലൊരു കാട്ടിക്കൂട്ടല്‍- അത്രയേയുള്ളു വരാന്‍ പോവുന്ന ബാങ്ക് ലയനം.

RELATED STORIES

Share it
Top