വരും ദിവസങ്ങളില്‍ കൂടുതല്‍ മല്‍സ്യം ലഭിച്ചു തുടങ്ങും

ദോഹ: ഏതാനും ദിവസങ്ങളായി തുടരുന്ന മല്‍സ്യ ലഭ്യതക്കുറവ് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കാലാവസ്ഥ മോശമായതിനാല്‍ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ ഇറങ്ങാത്തതാണ് മീന്‍ ലഭ്യത കുറയാനിടയാക്കിയത്. എന്നാല്‍, ഇന്നലെയോടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നുമുതല്‍ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതോടെ അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം വന്‍തോതില്‍ മല്‍സ്യങ്ങള്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മിക്ക ഷോപ്പുകളിലും മല്‍സ്യങ്ങളുടെ സ്റ്റോക്ക് വളരെ കുറവായിരുന്നു. ഇതേ തുടര്‍ന്ന് പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മീന്‍ കിട്ടാത്ത സ്ഥിതിയായി. വില കുതിച്ചുയര്‍ന്നതോടെ ചില്ലറ വില്‍പ്പന ശാലകളില്‍ മീനുകളുടെ വില്‍പ്പനയെയും ബാധിച്ചിരുന്നു.
പൊതുവേ വില കുറവായ ഷേരി ശനിയാഴ്ച സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 25 റിയാലിനാണ് വിറ്റത്. അയക്കൂറയ്ക്ക് കിലോ 80 റിയാല്‍ മുതല്‍ 83 റിയാല്‍ വരെയായിരുന്നു വില. ഹമൂര്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. കിലോയ്ക്ക് 68 റിയാല്‍ മുതല്‍ 70 റിയാല്‍ വരെയാണ് കച്ചവടക്കാര്‍ ഈടാക്കിയത്. ഞായറാഴ്ച സൗദി അറേബ്യയില്‍ നിന്നുള്ള മത്തി കിലോ 10 റിയാലിനാണ് വില്‍പ്പന നടത്തിയത്. രണ്ടോ മൂന്നോ ദിവസത്തിനകം സ്ഥിതി മെച്ചപ്പെടുമെന്ന് വില്‍പ്പനക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top