വരും ദിവസങ്ങളില്‍ അല്‍ബവാരി കാറ്റിന് ശക്തി കൂടുംദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 18 മുതല്‍ 30 നോട്ട് വരെ വേഗത്തില്‍ അടിക്കുന്ന കാറ്റ് ചില സമയങ്ങളില്‍ 35-45 നോട്ട് വരെ ശക്തിപ്രാപിക്കും. പകലാണ് പ്രധാനമായും കാറ്റ് ശക്തമാവുക. തിരമാലകള്‍ 8-12 അടിവരെ ഉയരുകയും പൊടി മൂലം കാഴ്ചാ പരിധി 2 കിലോമീറ്ററില്‍ താഴെയാവുകയും ചെയ്യും. പകല്‍ സമയത്തെ കൊടും ചൂട് തുടരും. പരമാവധി താപനില 40-45 ഡിഗ്രിയാവും. പ്രത്യേകിച്ച് മധ്യ, കിഴക്കന്‍ ഭാഗങ്ങളിലായിരിക്കും കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഇന്ത്യന്‍ മണ്‍സൂണ്‍ കാലവും ഉത്തര അറേബ്യന്‍ ഉപദ്വീപില്‍ രൂപപ്പെടുന്ന അതിമര്‍ദ്ദവുമാണ് ഗള്‍ഫ് മേഖലയില്‍ അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിനു കാരണം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്‍സൂണ്‍ കാറ്റും മഴക്കാലവും തുടങ്ങുന്നതോട് കൂടിയാണ് അല്‍ബവാരി കാറ്റ് രൂപപ്പെടുന്നത്. പൊടി ഉയര്‍ത്തുന്ന ശക്തമായ കാറ്റിനാണ് അറബിയില്‍ അല്‍ബവാരി എന്ന് പറയുന്നത്. ജൂണ്‍ ആദ്യം മുതല്‍ ജൂലൈ മധ്യം വരെ തുടരുന്നതിനാല്‍ 40 ദിന കാറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ഇടവിട്ട് ശക്തി പ്രാപിക്കുന്ന ഈ കാറ്റ് ജൂണ്‍ പകുതിയിലാണ് ഉഗ്രരൂപം കൈക്കൊള്ളുക. രാത്രിയില്‍ ശക്തി കുറയുകയും പ്രഭാതത്തോടെ കരുത്താര്‍ജിച്ച് ഉച്ചയോട് കൂടി അതിശക്തമാവുകയും ചെയ്യുന്നതാണ് അല്‍ബവാരി കാറ്റിന്റെ സ്വഭാവം. ഇത് പൊടിപടലം ഉയര്‍ത്തുന്നതിനാല്‍ കാഴ്ച്ചാ പരിധി 1 കിലോമീറ്ററില്‍ താഴെവരെ കുറയാറുണ്ട്. ഇതോടൊപ്പം ചൂടും വര്‍ധിക്കും. ഉപരിതലത്തിലും 3000 അടി ഉയരത്തിലുമുള്ള കാറ്റിന്റെ വേഗതയിലുള്ള വലിയ വ്യത്യാസം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ വിമാന ഗതാഗതത്തെയും ബാധിക്കാറുണ്ട്. ഈ കാലയളവില്‍ കടലില്‍ പോവരുതെന്നും നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top