വരുംതലമുറകള്‍ക്ക് ജീവജലം കാത്തുവയ്ക്കാന്‍ സമഗ്ര നടപടികള്‍ വേണം

കൊച്ചി: വരുംതലമുറകള്‍ക്ക് ജീവജലം കാത്തുവയ്ക്കാന്‍ സമഗ്ര പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഒരു മനുഷ്യനുപോലും ജലം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്ന രീതിയില്‍ ഭൂഗര്‍ഭജല ശോഷണം തടയാനുള്ള സമഗ്ര നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കോടതി സ്വമേധയാ ഒരു ഹരജിയും ഫയലില്‍ സ്വീകരിച്ചു.
കേന്ദ്ര ഭൂഗര്‍ഭജല വകുപ്പ്, ഗവ. സെക്രട്ടറി, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍, കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം, സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പ് എന്നിവരെ കോടതി എതിര്‍കക്ഷികളാക്കി. കൃഷി ആവശ്യത്തിനായി കുഴല്‍ക്കിണര്‍ കുത്തുന്നത് ചിലര്‍ തടയുകയാണെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ജലദിനമായ ഇന്നലെ കോടതി വിഷയത്തില്‍ സ്വമേധയാ ഹരജി ഫയലില്‍ സ്വീകരിച്ചത്.
മതിയായ അനുമതിയോടെ കുഴല്‍ക്കിണര്‍ കുത്തുന്നതിനെ നാട്ടുകാര്‍ തടയുകയാണെന്നും പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിരവധി ഹരജികള്‍ മുന്നില്‍ വരുന്നതായി കോടതി നിരീക്ഷിച്ചു. ഭൂഗര്‍ഭജലം വറ്റുമെന്നു പറഞ്ഞാണ് പ്രദേശവാസികള്‍ കുഴല്‍ക്കിണറിനെ എതിര്‍ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭൂഗര്‍ഭജലം സംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം സാഹചര്യങ്ങള്‍ ഭയാനകമാണ്. കുഴല്‍ക്കിണറിന് അനുമതി തേടി വരുന്ന അപേക്ഷകള്‍ കാലതാമസമില്ലാതെ പരിഗണിക്കണമെന്നാണ് നിയമഭേദഗതികള്‍ പറയുന്നത്. സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് ഭാവനാപരമായ ഉള്‍ക്കാഴ്ചയോടെ നടപടികള്‍ സ്വീകരിക്കണം. ജലസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ നടക്കണം. തുടര്‍ന്നാണ് കോടതി വരുംതലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കാന്‍ സമഗ്ര പദ്ധതികള്‍ വേണമെന്നു വ്യക്തമാക്കിയതും സ്വമേധയാ കേസെടുത്തതും.
ഭൂഗര്‍ഭജലം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണു സര്‍ക്കാര്‍ പറയുന്നതെങ്കിലും കണ്ടിട്ടു തോന്നുന്നില്ലെന്ന് ഇന്നലെ തൃശൂര്‍ സ്വദേശിയുടെ ഹരജി പരിഗണനയ്‌ക്കെടുത്തയുടന്‍ കോടതി വാക്കാല്‍ പറഞ്ഞു.

RELATED STORIES

Share it
Top