വരാപ്പുഴ സംഭവം: പ്രതികള്‍ റിമാന്‍ഡില്‍

പറവൂര്‍: വരാപ്പുഴയില്‍ ആര്‍എസ്എസ്, ബിജെപി സംഘം വീട്ടില്‍ക്കയറി ആക്രമണം നടത്തിയതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ദേവസ്വം പാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്ത ഒമ്പത് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ പോലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ  കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് നാളെവരെ മൂന്നാം നമ്പര്‍ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനു റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലേക്ക് അയച്ചു.
ശ്രീജിത്ത് ഉള്‍പ്പെടെ പത്ത് പ്രതികളെയാണ് അറസ്റ്റു ചെയ്തിരുന്നത്. ശ്രീജിത്ത് പോലിസ് കസ്റ്റഡിയിലിരിക്കെ മര്‍ദനമേറ്റ് മരിച്ചു. ശ്രീജിത്തിന്റെ അനുജന്‍ സുജിത്ത് ഉള്‍പ്പെടെ ഒമ്പതുപേരെ നേരത്തേ കോടതി മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ഇവരെ വിശദമായി ചോദ്യം ചെയ്തു. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
നേരത്തെ ഈ കോടതിയിലെ  മജിസ്‌ട്രേറ്റായിരുന്ന സ്മിത കഴിഞ്ഞദിവസം ഞാറക്കല്‍ കോടതിയിലേക്ക് സ്ഥലം മാറിപ്പോയതിനെതുടര്‍ന്ന് ഇന്നലെ രാവിലെയാണ് രാമു രമേഷ് ചന്ദ്രഭാനു ചാര്‍ജെടുത്തത്.

RELATED STORIES

Share it
Top