വരാപ്പുഴ വീട് ആക്രമണ കേസ് : യഥാര്‍ഥ പ്രതികള്‍ കീഴടങ്ങി, മരണപ്പെട്ട ശ്രീജിത്തിന് ബന്ധമില്ല

കൊച്ചി/ ആലുവ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന് വീട് ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ യഥാര്‍ഥ പ്രതികള്‍. ഇന്നലെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികള്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പേടിച്ചിട്ടാണ് ഇതുവരെ കീഴടങ്ങാതിരുന്നതെന്നും അവര്‍ പറഞ്ഞു. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വരാപ്പുഴ ദേവസ്വം പാടത്ത് പോലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ച വീട് ആക്രമണ കേസിലെ മുഖ്യപ്രതികളാണ് ആലുവ കോടതിയില്‍ കീഴടങ്ങിയത്. വിപിന്‍ (28), അജിത് കെ ബി (25), തുളസീദാസ് (ശ്രീജിത്ത്- 23) എന്നിവരാണ് ഇന്നലെ ആലുവ കോടതിയിലെത്തി കീഴടങ്ങിയത്. തൊടുപുഴയിലെ സുഹൃത്തിന്റെ സഹായത്തോടെ കാട്ടില്‍ കുറച്ചു ദിവസം ചെലവിട്ടു. പിന്നീട് കുടകിലെത്തി അവിടെയും തങ്ങി. ഒടുവില്‍ പോലിസ് അന്വേഷണം ഏറക്കുറേ അവസാനിച്ചെന്ന് ഉറപ്പിച്ചതോടെയാണ് പ്രതികള്‍ കീഴടങ്ങാനെത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 6നാണ് വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. വീട് ആക്രമിച്ച കേസുകളിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് ഇവര്‍. ഇതേ കേസില്‍ തന്നെ അറസ്റ്റ് ചെയ്ത ശ്രീജിത്താണ് പിന്നീട് പോലിസില്‍ നിന്നേറ്റ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. കീഴടങ്ങിയ തുളസീദാസിന്റെ വിളിപ്പേരും ശ്രീജിത്തെന്നാണ്. ഇതുമൂലമുണ്ടായ തെറ്റിദ്ധാരണയിലാകാം കൊല്ലപ്പെട്ട ശ്രീജിത്തിനെ പോലിസ് അറസ്റ്റ് ചെയ്തതെന്നും പ്രതികള്‍ പറഞ്ഞു.
ആളു മാറിയാണ് ശ്രീജിത്തിനെ പോലിസ് അറസ്റ്റ് ചെയ്തതെന്ന വാദങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് കീഴടങ്ങിയ പ്രതികളുടെ മൊഴി. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വീട് ആക്രമിച്ചവര്‍ക്കിടയില്‍ കണ്ടിട്ടില്ലെന്ന് മരിച്ച വാസുദേവന്റെ മകന്‍ വിനീഷ് നേരത്തേ വ്യക്തമാക്കിയിരുന്നു. ശ്രീജിത്ത് എന്നു വിളിക്കുന്ന തുളസീദാസിനെ കുറിച്ചാണ് പോലിസിനു മൊഴി നല്‍കിയത്. വീട് ആക്രമിച്ച പ്രതികള്‍ ഒളിവിലാണെന്നും വിനീഷ് നേരത്തേ പോലിസിനെ അറിയിച്ചിരുന്നു. ഈ പ്രതികളാണ് ഇന്നലെ ആലുവയിലെത്തി കീഴടങ്ങിയത്. ആദ്യഘട്ടത്തില്‍ അറസ്റ്റിലായവരില്‍ പലരും യഥാര്‍ഥ പ്രതികളല്ലെന്ന് പോലിസും നേരത്തേ കോടതിയില്‍ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top