വരാപ്പുഴ പോലിസിന്റെ ആളുമാറി ക്രൂരത മുന്‍പും

പറവൂര്‍: വാരാപ്പുഴയില്‍ പോലിസ് ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റു ചെയ്തതെന്ന വിവാദം പുകയുമ്പോള്‍ ഒന്നര വര്‍ഷം മുമ്പ് മോഷണക്കേസില്‍ നിരപരാധിയായ വയോവൃദ്ധയോട് വരാപ്പുഴ പോലിസ് കാണിച്ച കൊടും ക്രൂരതയാണ് ജനങ്ങളുടെ ഓര്‍യിലെത്തുന്നത്.
2016 ഒക്‌ടോബര്‍ അവസാനമാണ് നാട്ടുകാര്‍ സ്‌നേഹപൂര്‍വം രാധാബായി എന്ന് വിളിക്കുന്ന രാധാമണിയുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവം ഉണ്ടായത്. സ്വന്തമായുള്ള രണ്ടു സെന്റ് സ്ഥലത്ത് മകനോടും കുടുംബത്തോടുമൊപ്പം ജീര്‍ണിച്ച ഒരു വീട്ടിലാണ് രാധാബായി താമസിച്ചിരുന്നത്.
ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും ഈ ജീവിത സായാഹ്നത്തിലും ചില വീടുകളില്‍ ജോലിക്കു പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇവര്‍ നിത്യവൃത്തി കഴിക്കുന്നത്. സംഭവ ദിവസം രാവിലെ വീട്ടു ജോലി കഴിഞ്ഞു മടങ്ങവേ വഴിയരികിലുള്ള ഇരുമ്പുകടയുടെ വരാന്തയില്‍ കുറച്ചുനേരം വിശ്രമിച്ചു. രാധാബായി തിരിച്ചു പോയതിനു ശേഷമാണ് മേശ വലിപ്പില്‍ നിന്നും മുപ്പത്തേഴായിരം രൂപ നഷ്ട പെട്ടതായി ഉടമ കണ്ടെത്തിയത്. രാധാബായിയെ സംശയിച്ച കടയുടമ പോലിസില്‍ പരാതി നല്‍കി.
ബായിയെയും മകന്‍ ഗണേശനെയും വരാപ്പുഴ പോലിസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചു ജയിലില്‍ അടക്കുമെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി.
ഭയന്നുപോയ ഇവര്‍ ഒടുവില്‍ ചെയ്യാത്ത തെറ്റ് സമ്മതിച്ചു.കടയുടമക്ക് നഷ്ടപ്പെട്ട പണം ഉടന്‍ നല്‍കണമെന്ന പോലിസ് നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം കിടപ്പാടമുള്ള ആകെ സമ്പാദ്യമായ രണ്ടു സെന്റ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചു.
പോലിസ് തന്നെ ആളെ കണ്ടെത്തുകയും ചെയ്ത് നാലുലക്ഷം രൂപക്ക് കച്ചവടവും ഉറപ്പിച്ചു. അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി കടയുടമക്ക് മുപ്പത്തിയേഴായിരം രൂപ നല്‍കി. കള്ളി എന്ന പേര് വീണതോടെ വീട്ടുജോലിക്കും ആളുകള്‍ വിളിക്കാതായി.
പട്ടിണിയിലും കാത്തു സൂക്ഷിച്ച സല്‍പ്പേര് നഷ്ടപ്പെട്ട നിരാശയില്‍ മരിച്ചാലോ എന്നുപോലും ചിന്തിച്ച നിമിഷങ്ങള്‍. അതിനിടെയാണ് കടകളില്‍ മോഷണം നടത്തുന്ന ഒരു മോഷ്ടാവിനെ പറവൂര്‍ പോലിസ് അറസ്റ്റു ചെയ്തത്.
രാധാബായിയുടെ സംഭവങ്ങള്‍ ഒന്നുമറിയാതെ മോഷ്ടാവുമായി പറവൂര്‍ പോലിസ് ചെട്ടിഭാഗത്തെ ഇരുമ്പുകടയില്‍ തെളിവെടുപ്പിന് ചെന്നതോടെയാണ് രാധാബായിയുടെ നിരപരാധിത്വം നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടത്. പത്രങ്ങളില്‍ വാര്‍ത്തയായതോടെ പോലിസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഒടുവില്‍ ആലുവ ഡിവൈഎസ്പി കെ ജി ബാബുകുമാര്‍ രാധാബായിയുടെ വീട്ടിലെത്തി പോലിസിന് സംഭവിച്ച തെറ്റിന് മാപ്പ് പറഞ്ഞു പല വാഗ്ദാനങ്ങളും നല്‍കി.
എന്നാല്‍ കുറച്ചു പണം നല്‍കിയതല്ലാതെ പോലിസ് മറ്റൊരു സഹായവും ചെയ്തില്ല. സംഭവം അറിഞ്ഞ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബിജു ചുള്ളിക്കാടിന്റെ നേതൃത്വത്തില്‍ രാധാബായിയെ സഹായിക്കാന്‍ ജനകീയ സമിതിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയതിനു പിന്നാലെ ജനരോഷം മറികടക്കാന്‍ സിപിഎം രാധാബായിക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടു സെന്റ സ്ഥലത്ത് അഞ്ഞൂറോളം ചതുരശ്ര അടിയുള്ള വീട് പണി പൂര്‍ത്തീകരിച്ചു. ആലങ്ങാട് ഏരിയാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങില്‍ താക്കോല്‍ കൈമാറുകയായിരുന്നു. എന്നാല്‍ സംഭവത്തിലെ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ ഒരു ശിക്ഷണ നടപടിയും ഉണ്ടായില്ല.

RELATED STORIES

Share it
Top