വരാപ്പുഴ കസ്റ്റഡി മരണ കേസ് സിഐയെയും പ്രതിചേര്‍ത്തേക്കും

കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിപിഒ സന്തോഷ് ബേബി എന്നിവരെയെും പ്രതിചേര്‍ത്തേക്കും. ഇവരെ പ്രതിചേര്‍ക്കുന്നതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടി. ശ്രീജിത്തിനെ മര്‍ദിച്ചവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വരാപ്പുഴ എസ്‌ഐ ദീപക്, ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരെയാണു കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത്.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതു വടക്കന്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു. എന്നാല്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ മര്‍ദിച്ചതിനു തെളിവുകളില്ല.
കഴിഞ്ഞദിവസം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലിസിനെതിരേ പോലിസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമാകുമോ എന്നായിരുന്നു ഹരജി പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷണം. കോടതി പരാമര്‍ശം സിബിഐ അന്വേഷണത്തിലേക്കു വഴിവയ്ക്കുമോ എന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു സിഐ അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമോപദേശം തേടിയത്.
കസ്റ്റഡിയിലുള്ള പ്രതികളുടെ സുരക്ഷയടക്കമുള്ള പൂര്‍ണ ചുമതല സിഐക്കാണ്. ക്രിസ്പിന്‍ സാം ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ആര്‍ടിഎഫ് സംഘത്തെ വരാപ്പുഴയിലേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതു സിഐ ആയിരുന്നു. കസ്റ്റഡിയില്‍ എടുത്തു വരാപ്പുഴ സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ചുമതലയിലുണ്ടായിരുന്നവരാണു മറ്റു രണ്ടു പേര്‍.

RELATED STORIES

Share it
Top