വരാപ്പുഴ കസ്റ്റഡി മരണം: കേസ് ഡയറി ഹാജരാക്കുന്നതിന് സമയം അനുവദിച്ചു

പറവൂര്‍: വരാപ്പുഴ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ കേസ് ഡയറി ഹാജരാക്കുന്നതിന് പ്രോസിക്യൂഷന് ഈ മാസം 26 വരെ സമയം അനുവദിച്ച് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 ഉത്തരവിട്ടു. എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് വി എം ഫൈസല്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ഇന്നലെ കേസ് കോടതി പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്‍ കേസ് ഡയറി ഹാജരാക്കിയില്ല. കേസ് ഡയറി ഹൈക്കോടതിയിലായതിനാല്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി 26ന് കേസ് ഡയറി ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയത്. കസ്റ്റഡി മരണത്തെത്തുടര്‍ന്ന് വരാപ്പുഴ പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ എ വി ജോര്‍ജിനെ പ്രതിചേര്‍ത്ത് ഐപിസി 116 വകുപ്പ് പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹരജിയിലെ മുഖ്യ ആവശ്യം. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശ്രീജിത്ത് മരിച്ച ശേഷവും വ്യാജമൊഴികളും കള്ളസാക്ഷികളെയും നിരത്തി ജോര്‍ജ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ഹരജിയില്‍ ആരോപിക്കുന്നു. ജോര്‍ജിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിവിധ ടിവി ചാനലുകള്‍ക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇതിനു തെളിവാണ്. ഇത് ഉള്‍പ്പെടെ ന്യായീകരിക്കാനാത്ത നിയമലംഘനങ്ങളും കൃത്യവിലോപങ്ങളും ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ഹരജിയില്‍ വ്യക്തമാക്കുന്നു. എ രാജസിംഹനാണ് ഹരജിക്കാരനു വേണ്ടി ഹാജരായത്.

RELATED STORIES

Share it
Top