വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജിനെ അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്

തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യക്തമായ പങ്കുള്ളതായി സംശയിക്കുന്ന ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു.
രാവിലെ 10.30ന് ആരംഭിക്കുന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി  ഉദ്ഘാടനം ചെയ്യും.
എ വി ജോര്‍ജ് നിയമവിരുദ്ധമായി രൂപീകരിച്ച ആര്‍ടിഎഫിലെ പോലിസ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് എസ്പിയുടെ അറിവോടെയായിരിക്കുമെന്ന് ഹൈക്കോടതി വരെ സംശയം പ്രകടിപ്പിച്ചു. എന്നിട്ടും എ വി ജോര്‍ജിനെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നത് അദ്ദേഹത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ സംരക്ഷകരായി സര്‍ക്കാര്‍ തരംതാഴ്ന്നുകൊണ്ടിരിക്കുകയാണ്.
ശ്രീജിത്തിനെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്തതിനെതിരേ എസ്ഡിപിഐ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. എ വി ജോര്‍ജിനെ സംരക്ഷിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, സിയാദ് കണ്ടല, എ കെ സലാഹുദ്ദീന്‍, അന്‍സാരി ഏനാത്ത്, വി എം ഫഹദ്, അഷ്‌റഫ് പ്രാവച്ചമ്പലം സംസാരിക്കും.

RELATED STORIES

Share it
Top