വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹരജി


കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹരജി. സാമൂഹിക പ്രവര്‍ത്തകനും എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റുമായ വി എം ഫൈസലാണ് നോര്‍ത്ത് പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പിയെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി. ഹരജി പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.

ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ അന്യായ അറസ്റ്റ് എന്ന വകുപ്പ് ചേര്‍ത്തിട്ടില്ല, മുന്‍ ആലുവ റൂറല്‍ എസ്പിയെ പ്രതിചേര്‍ത്തിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി.  എവി ജോര്‍ജിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ശ്രീജിത്തിനെ പീഡനപരമായ രീതിയിലും നിയമവിരുദ്ധമായും 2018 ഏപ്രില്‍ 6ന് രാത്രി 10.30ന് വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു പോവുകയും തുടര്‍ന്ന് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തത്. ആലപ്പുഴ സിബിസിഐഡി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

എവി ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും വീട്ടിലേക്ക് അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണ്. എവി ജോര്‍ജ് നിയമവിരുദ്ധമായി രൂപീകരിച്ച് റൂറര്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളാണ് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍. ശ്രീജിത്തും സഹോദരനും 2018 ഏപ്രില്‍ ആറിനാണ് അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിലും ആറാം പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കിയ അറസ്റ്റ് മെമ്മോയില്‍ അറസ്റ്റ് ചെയ്ത തിയ്യതിയായി രേഖപ്പെടുത്തിയിരിക്കുന്നത് ഏപ്രില്‍ ഏഴാണ്.

കസ്റ്റഡി മരണം വലിയ വിവാദമായതോടെ എവി ജോര്‍ജ് ആറാം പ്രതിയുമായി ചേര്‍ന്ന് വിനീഷ് എന്നയാളുടെ പേരില്‍ വ്യാജ സാക്ഷി മൊഴി തയ്യാറാക്കി. തുടര്‍ന്ന് ഇത് യഥാര്‍ഥ മൊഴിയെന്ന രീതിയില്‍ തന്റെ മൊബൈലില്‍ നിന്ന് വാട്ട്‌സാപ്പ് വഴി വിവിധ ചാനലുകള്‍ക്ക് അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു. നിലവില്‍ അന്വേഷണം കസ്റ്റഡി മരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. അന്യായമായ അറസ്റ്റ്, ക്രിമിനല്‍ ഗൂഡാലോചന, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി.

എവി ജോര്‍ജിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ വകുപ്പില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമപോദേശം നല്‍കിയതായാണ് മനസ്സിലാക്കുന്നത്. ഇതിലൂടെ എവി ജോര്‍ജ് ചെയ്ത കുറ്റങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. അന്യായമായ അറസ്റ്റ് എന്നത് കേരള പോലിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

അതു കൊണ്ട് തന്നെ അന്യായമായ അറസ്റ്റിനെതിരായ വകുപ്പ് കേസില്‍ ഉള്‍പ്പെടുത്തണമെന്നും അറസ്റ്റിന് നിര്‍ദേശം നല്‍കിയ എ വി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. എ രാജസിംഹന്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top