വരാപ്പുഴ കസ്റ്റഡി മരണംകൈക്കൂലി വാങ്ങിയ പോലിസുകാരന്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലിസുകാരന്‍ അറസ്റ്റില്‍. പറവൂര്‍ മുന്‍ സിഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപ് കുമാറാണ് അറസ്റ്റിലായത്. വാസുദേവന്റെ വീട് ആക്രമണ കേസുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്തിനെ കേസില്‍ നിന്ന് ഒഴിവാക്കാനും ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാമെന്നും പറഞ്ഞാണ് പണം വാങ്ങിയതെന്ന് അന്വേഷണസംഘം കണ്ടെത്തി.
ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ പിതാവ് പ്രദീപിന്റെ കൈയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. 25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ 15,000 രൂപ മുന്‍കൂറായി വാങ്ങി. സിഐ ക്രിസ്പിന്‍ സാമിന്റെ പേരു പറഞ്ഞ് ഏപ്രില്‍ 7നായിരുന്നു പണം വാങ്ങിയത്. എന്നാല്‍, കസ്റ്റഡിയിലിരിക്കെ മര്‍ദനമേറ്റ ശ്രീജിത്ത് ഏപ്രില്‍ 9നു മരിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കു ശേഷം അതേ ബന്ധുവിന്റെ കൈവശം 15,000 രൂപ തിരികെ നല്‍കിയെന്നും അന്വേഷണസംഘം കണ്ടെത്തി. അഖിലയുടെ ഭാര്യാപിതാവ്, ഒരു ബന്ധു, ഇടനിലക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവരാണ് കേസില്‍ സാക്ഷികള്‍.
അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില തീരെ മോശമായതിനെ തുടര്‍ന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാന്‍ കഴിയുമോ എന്നു ബന്ധുക്കള്‍ അന്വേഷിച്ച സാഹചര്യത്തിലാണ് ഇടനിലക്കാരന്‍ വഴി സിഐയുടെ ഡ്രൈവറെ ബന്ധപ്പെടുന്നത്. ശ്രീജിത്തിന്റെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ മാസം തന്നെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top