വരാപ്പുഴ കസ്റ്റഡി കൊലപാതകം: ഉദ്യോഗസ്ഥര്‍ക്ക് ജാമ്യംകൊച്ചി: വരാപ്പുവ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായി അറസ്റ്റിലായിരുന്ന റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ (ആര്‍ ടി എഫ്)ഉദ്യോഗസ്ഥര്‍ക്ക്  ജാമ്യം.സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ്, എന്നിവര്‍ക്കാണ് കേസില്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, അന്വേഷണ സംഘത്തെ സ്വാധീനിക്കരുത്, എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്, രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം തുടങ്ങിയവയാണ് ഉപാധികള്‍.
കേസില്‍ പിടിയിലായ മൂവരും കഴിഞ്ഞ രണ്ട് മാസമായി ആലുവ സബ് ജയിലില്‍ വിചാരണ തടവുകാരായി കഴിയുകയായിരുന്നു. ജാമ്യാപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും ജില്ല സെഷന്‍സ് കോടതിയും തളളിയിരുന്നു.
കേസില്‍ നേരത്തെ വരാപ്പുഴ എസ്‌ഐയായിരുന്ന ജിഎസ് ദീപകിന് ജാമ്യം അനുവദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ തങ്ങള്‍ക്കും ജാമ്യം വേണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു.
എറണാകുളം റൂറല്‍ പൊലീസിന് കീഴില്‍ റൂറല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത് എസ്പിയായിരുന്ന എവി ജോര്‍ജ്ജായിരുന്നു. പിന്നീട് ശ്രീജിത്തിന്റെ കേസില്‍ പ്രതിസ്ഥാനത്തായതോടെ ആര്‍ടിഎഫിനെ പിരിച്ചുവിട്ടിരുന്നു. കേസില്‍ എവി ജോര്‍ജ്ജിനെ പ്രതി ചേര്‍ക്കാനാകില്ലെന്ന് ഇന്നലെ അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു.

RELATED STORIES

Share it
Top