വരാപ്പുഴ കസ്റ്റഡിമരണം: എ വി ജോര്‍ജിനെ പ്രതിയാക്കേണ്ടെന്ന് നിയമോപദേശംകൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിയാക്കേണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്  നിയമോപദേശം. ജോര്‍ജിനെതിരെ ക്രിമിനല്‍ക്കുറ്റം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിയമോപദേശം നല്‍കിയത്. ഇതോടെ കേസില്‍ റൂറല്‍ എസ്പി എ വി ജോര്‍ജ് കാര്യമായ നിയമനടപടികള്‍ക്കു വിധേയനാവില്ലെന്ന് ഉറപ്പായി. റൂറല്‍ എസ്പിയായിരിക്കെ എ വി ജോര്‍ജ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് (ആര്‍ടിഎഫ്) രൂപം നല്‍കിയത് നിയമവിരുദ്ധമാണ്. എന്നാല്‍, ഇതിന്റെ പേരില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്താനാവില്ല. ആര്‍ടിഎഫിന് രൂപം നല്‍കിയതടക്കം കൃത്യനിര്‍വഹണത്തില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ വകുപ്പുതല നടപടിയാവാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
അതിനിടെ, വരാപ്പുഴ കേസില്‍ ശ്രീജിത്തിനെ യഥാസമയം റിമാന്‍ഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട പറവൂര്‍ മുന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം സ്മിതയില്‍ നിന്ന് മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ അനുമതി തേടി. ഇതിനായി സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍  കെ ഹരിപാലിന് അന്വേഷണ സംഘം അപേക്ഷ നല്‍കി. ഏപ്രില്‍ ആറിന് പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ അടുത്തദിവസം റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയെങ്കിലും പിന്നീട് കൊണ്ടുവരാന്‍ നിര്‍ദേശിച്ചു മടക്കിയെന്ന് കാണിച്ച് എ വി ജോര്‍ജാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നത്. ഏപ്രില്‍ ഏഴിനു തന്നെ റിമാന്‍ഡ് ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കില്‍ പോലിസ് മര്‍ദനത്തെക്കുറിച്ചു പരാതി പറയാനും ചികില്‍സ തേടാനും ശ്രീജിത്തിന് അവസരം ലഭിക്കുമായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ച ഹൈക്കോടതിയിലെ വിജിലന്‍സ് വിഭാഗം, മജിസ്‌ട്രേറ്റ് എം സ്മിതയുടെ ഭാഗത്തു വീഴ്ചയുണ്ടായില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണസംഘം മൊഴിയെടുക്കാന്‍ അനുമതി തേടിയിട്ടുള്ളത്.

RELATED STORIES

Share it
Top