വരാപ്പുഴ കസ്റ്റഡിമരണംഎ വി ജോര്‍ജിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ ആരോപണവിധേയനായ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിന് സസ്‌പെന്‍ഷന്‍. എ വി ജോര്‍ജിനെതിരേ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടേതാണ് നടപടി. സംഭവത്തില്‍ എ വി ജോര്‍ജിനെതിരേ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ എ വി ജോര്‍ജിന് വീഴ്ച സംഭവിച്ചുവെന്ന് വിശദീകരിച്ച് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപോര്‍ട്ട് നല്‍കിയത്. കസ്റ്റഡിമരണത്തിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും പിന്നീട് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്പിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് റിപോര്‍ട്ട്. എസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) സംസ്ഥാന പോലിസ് മേധാവിയുടെയും സര്‍ക്കാരിന്റെയും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ടിഎഫിന്റെ രൂപീകരണം ചട്ടവിരുദ്ധമാണ്. സംഘത്തിന്റെ പ്രവര്‍ത്തനം പലപ്പോഴും നിയമാനുസൃതമായിരുന്നില്ല. വരാപ്പുഴയില്‍ പ്രത്യേക ദൗത്യത്തിനായി ആര്‍ടിഎഫിനെ നിയോഗിച്ചതില്‍ പിഴവുപറ്റി. ബന്ധപ്പെട്ട സര്‍ക്കിളിലെ ആവശ്യപ്രകാരമായിരുന്നില്ല നടപടി. ചട്ടം മറികടന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് എസ്പി അമിതമായ പ്രോല്‍സാഹനം നല്‍കിയിരുന്നു. ജോര്‍ജിനെതിരേ നിയമനടപടിക്കുള്ള 'അനുവാദമാണ്' ഇപ്പോള്‍ സര്‍ക്കാര്‍ പോലിസിനു നല്‍കിയിരിക്കുന്നത്. നേരത്തേ സിഐ ക്രിസ്പിന്‍ സാം ഉള്‍പ്പെടെ നാലുപേരെ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസില്‍ പ്രതിചേര്‍ത്തു.
അതേസമയം, എ വി ജോര്‍ജിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുത്തിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ഇതാണ് എ വി ജോര്‍ജിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരായി കള്ളത്തെളിവുണ്ടാക്കാന്‍ പോലിസ് നടത്തിയ നീക്കത്തില്‍ എ വി ജോര്‍ജിന് അറിവുണ്ടായിരുന്നുവെന്നും അന്വേഷണസംഘം കരുതുന്നു.

RELATED STORIES

Share it
Top