വരാപ്പുഴ അതിരൂപതാ ആസ്ഥാനത്തേക്ക് മാതാപിതാക്കളുടെ മാര്‍ച്ച്‌

കൊച്ചി: ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ ഫീസ് വര്‍ധനവ്, സ്‌കൂളിലെ ക്രമക്കേടുകള്‍, പിടിഎ നടത്തിപ്പ് എന്നിവ സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിക്കുന്നില്ലെന്നാരോപിച്ച് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ഇന്ന് വാരാപ്പുഴ അതിരൂപത ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. രാവിലെ ഒമ്പതിന് മേനക ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ പിടിഎ, രക്ഷിതാക്കള്‍, ജില്ല സിബിഎസ്ഇ സ്‌കൂള്‍ പാരന്റ്‌സ് അസോസിയേഷന്‍ എന്നിവരുള്‍പ്പെടുന്ന സമര സഹായ സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് സ്റ്റീഫന്‍ നാനാട്ട്, ജെറിന്‍ ജോസഫ്, ആല്‍ബര്‍ട്ട്, ജയലക്ഷ്മി, കാര്‍ത്തിക എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിബിഎസ്ഇ ഡയറക്ടര്‍ ബോര്‍ഡ്, ചൈല്‍ഡ് ലൈന്‍, ബാലാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് വിവിധ സമരപരിപാടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. അതേസമയം അസീസി വിദ്യാനികേതന്‍ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണെന്ന് അസീസി സ്‌കൂള്‍ സംരക്ഷണ സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഷാജി ജോര്‍ജ് (ചെയര്‍മാന്‍), സി ജെ പോള്‍ (വര്‍ക്കിങ് ചെയര്‍മാന്‍), അഡ്വ. ഷെറി ജെ തോമസ് (കണ്‍വീനര്‍), ജോസ് റാല്‍ഫ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരടങ്ങുന്നതാണ് അസീസി സ്‌കൂള്‍ സംരക്ഷണ സമിതി.

RELATED STORIES

Share it
Top