വരവൂര്‍ തളിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: അന്വേഷണം ഊര്‍ജിതം ്

എരുമപ്പെട്ടി: വരവൂര്‍ തളിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. തളി നടുവട്ടം അമ്രായില്‍ അബ്ദുള്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ കയറിയ സ്ത്രീയും പുരുഷനും അടങ്ങിയ മോഷ്ടാക്കള്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ഷെരീഫയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയതിന് ശേഷം കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. അലമാരിയിലുണ്ടായിരുന്ന പതിനായിരം രൂപ മോഷ്ടിച്ചിട്ടുണ്ട്. കഴുത്തിലെ മാല പൊട്ടിച്ചെടുത്തെങ്കിലും സ്വര്‍ണമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഉപേക്ഷിച്ചു. തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര, കുന്നംകുളം ഡിവൈഎസ്പി പി വിശ്വംഭരന്‍, എരുമപ്പെട്ടി എസ്‌ഐ സിബീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിരലടയാള വിദഗ്ധധര്‍ നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്നും പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലിസ് നായയെ ഉപയോഗിച്ചും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വീടുകളിലെത്തി കച്ചവടം നടത്തുന്ന സംഘങ്ങളെയും നാടോടി സംഘങ്ങളേയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. വടക്കാഞ്ചേരിയിലുള്ള ചില കച്ചവട സംഘങ്ങളെ പോലിസ് ചോദ്യം ചെയ്തിരുന്നു. മോഷണം നടന്ന സമയത്ത് പ്രദേശത്ത് രണ്ട് അപരിചിതരായ പുരുഷന്മാരെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പര്‍ദ്ദയിട്ട ഒരു സ്ത്രീയും വെളുത്ത വസ്ത്രം ധരിച്ച പുരുഷനുമാണ് മോഷ്ടാക്കളെന്ന ഷെരീഫയുടെ മൊഴിയാണ് പോലീസിനെ കുഴയ്ക്കുന്നത്. ഷെരീഫ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED STORIES

Share it
Top