വരള്‍ച്ച, പ്രളയ പ്രതിരോധത്തിനു മുള

പുല്‍പ്പള്ളി: വരള്‍ച്ചയെയും പ്രളയത്തെയും പ്രതിരോധിക്കാന്‍ മുളങ്കാടുകള്‍ക്കു കഴിയും. ഇത് മുള്ളന്‍കൊല്ലി തട്ടാംപറമ്പില്‍ ജോര്‍ജിന്റെ അനുഭവപാഠം. ജില്ലയില്‍ വേനല്‍ത്തുടക്കത്തിലേ വരള്‍ച്ച ഗ്രസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് മുള്ളന്‍കൊല്ലി. ചുട്ടുപൊള്ളുന്ന വേനലില്‍ തോട്ടങ്ങളില്‍ വിളകള്‍ കൂട്ടത്തോടെ കരിഞ്ഞുനശിക്കുന്നതു കര്‍ണാടകയോടു ചേര്‍ന്നുകിടക്കുന്ന മുള്ളന്‍കൊല്ലിയിലെ കര്‍ഷകര്‍ക്കു പുതുമയല്ല. വരള്‍ച്ചയും കൃഷിനാശവും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ജോര്‍ജ് തന്റെ കൃഷിഭൂമി അതിരിടുന്ന കരമാന്‍തോടിന്റെ കരയില്‍ മുളകള്‍ നട്ടുവളര്‍ത്തിയത്.
കര്‍ണാടകയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കാനും വിളകളെ ഒരളവോളം സംരക്ഷിക്കാനും മുളങ്കൂട്ടങ്ങള്‍ക്കു കരുത്തുണ്ടെന്നു ജോര്‍ജിന് ബോധ്യപ്പെട്ടു. ഒടുവില്‍ പ്രളയത്തെ പ്രതിരോധിക്കാനുള്ള മുളങ്കൂട്ടങ്ങളുടെ ശേഷിയും ഈ കര്‍ഷകന്‍ തിരിച്ചറിഞ്ഞു. കനത്ത മഴയില്‍ കരമാന്‍തോട് കരകവിഞ്ഞ് സമീപത്തെ തോട്ടങ്ങളുടെ അതിരുകളില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞു.
എന്നാല്‍, മുളങ്കൂട്ടങ്ങള്‍ കവചമൊരുക്കിയ ജോര്‍ജിന്റെ ഭൂമിയുടെ അതിരില്‍ മണ്ണിടിച്ചില്‍ ഉണ്ടായതേയില്ല. പ്രളയജലം കൃഷിയിടത്തിലേക്കു കുത്തിയൊലിക്കുന്നതു തയാനും മുളങ്കൂട്ടങ്ങള്‍ക്കായി. വര്‍ഷങ്ങള്‍ക്കു മുമ്പ് 40 മുളത്തൈകളാണ് ജോര്‍ജ് കടമാന്‍ തോടിനോടു ചേര്‍ന്ന് കൃഷിയിടത്തിന്റെ അതിരില്‍ നട്ടത്. വളര്‍ന്നു പന്തലിച്ച തൈകള്‍ ഇപ്പോള്‍ ജൈവവേലിയായി മാറി. മൂപ്പെത്തിയ മുളകള്‍ മുറിച്ചുവിറ്റ് ജോര്‍ജ് മോശമല്ലാത്ത വരുമാനം നേടുന്നുമുണ്ട്. കാര്‍ഷികാവശ്യത്തിനുള്ള താങ്ങുകാലുകള്‍ക്കും പന്തലിനും മറ്റുമായി നിരവധിയാളുകളാണ് ജോര്‍ജിന്റെ കൃഷിയിടത്തിലെത്തി മുള വാങ്ങുന്നത്.

RELATED STORIES

Share it
Top