വരള്‍ച്ച; ജല വിതരണത്തിന് തഹസില്‍ദാര്‍മാര്‍ക്ക് ചുമതലകോട്ടയം: ജില്ലയില്‍ രൂക്ഷമായ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് ചുമതല നല്‍കിയതായി കലക്ടര്‍ സി എ ലത അറിയിച്ചു. ഇതിനായി തഹസില്‍ദാര്‍മാര്‍ക്ക് തുക അനുവദിക്കും. ഇത്തരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളെ ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലക്ഷാമം നേരിടാന്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ജല വിതരണത്തിനായി ആദ്യഘട്ടത്തില്‍ 443 കിയോസ്‌കുകള്‍ തുറക്കാനാണ് തീരുമാനം. വരള്‍ച്ച മൂലം ജില്ലയില്‍ ഇതുവരെ 5.5 കോടിയുടെ വിള നാശം ഉണ്ടായിട്ടുണ്ട്. ഇതില്‍ 20.42 ലക്ഷം രൂപയുടെ നഷ്ടം കൃഷിയിടങ്ങളില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായതാണ്. ഭൂജല നിരപ്പില്‍ ശരാശരി 1.5 മുതല്‍ രണ്ട് മീറ്റര്‍ വരെ കുറവുണ്ടായതായിട്ടുളളതിനാല്‍ കുഴല്‍ കിണറുകള്‍ സ്ഥാപിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നിലവില്‍ പാറ ഖനനം നടക്കാത്ത പാറമടകളിലെ ജലം അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താ ന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുളള 130 പാറമടകള്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി കണ്ടെത്തിയിട്ടുണ്ട്. ജല ലഭ്യത ഉള്ളതും ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ 150 കുളങ്ങളിലെ ജലം അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും ഇക്കാര്യവും നടപ്പാക്കുക.

RELATED STORIES

Share it
Top