വരള്‍ച്ചയ്ക്ക് പരിഹാരം ജല സംരക്ഷണം : മന്ത്രി മാത്യു ടി തോമസ്കോട്ടയം: കോടികള്‍ മുടക്കിയുള്ള ജല വിതരണ പദ്ധതികള്‍ ജലക്ഷാമത്തിനും വരള്‍ച്ചയ്ക്കും പരിഹാരമാവില്ലെന്ന് കേരളം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചതായി സംസ്ഥാന ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജല സ്രോതസ്സുകളില്‍ ജലമുണ്ടായാല്‍ മാത്രമേ ജല വിതരണ പദ്ധതികള്‍ കൊണ്ട് പ്രയോജനമുള്ളൂ. ഈ വസ്തുത കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ജല സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, മണ്ണു സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കൃഷിയുടെ പുനരുജ്ജീവനം തുടങ്ങിയവ ലക്ഷ്യമിട്ട് ഹരിതകേരള മിഷനു തുടക്കമിട്ടതെന്നു മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ കീഴില്‍ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറ്റില്‍ കരിമ്പുകയത്ത് നിര്‍മിച്ച ചെക്ക് ഡാമിന്റെയും കോസ്‌വേയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ വരള്‍ച്ച കേരളീയരുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റയ്ക്കും കൂട്ടായുമുള്ള പരിശ്രമങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മഴക്കുഴികള്‍ നിര്‍മിക്കുന്നതിനും വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്നതിനും ഉള്‍പ്പടെയുള്ള പരിസ്ഥിതി ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെയും ജലസേചന വകുപ്പിന്റെയും അനുബന്ധ വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായി മന്ത്രി പറഞ്ഞു. കോടികള്‍ ചെലവഴിച്ചു വര്‍ഷങ്ങളായി പൂര്‍ത്തിയാക്കാതെ കിടന്ന പദ്ധതികള്‍ ഓരോന്നായി സമയബന്ധിതമായി പൂര്‍ത്തിയാക്കി വരികയാണ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നിര്‍ദിഷ്ട കുളത്തൂര്‍മുഴി ചെക്ക്ഡാമിനുള്ള പദ്ധതി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും നബാര്‍ഡിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തിലെ ജലക്ഷാമം പരിഹരിക്കാനും സമഗ്ര പദ്ധതി നടപ്പാക്കും.

RELATED STORIES

Share it
Top