വരള്‍ച്ചയെത്തും മുമ്പേ ജലവിതരണ കമ്പനികള്‍ കൊയ്യുന്നത് കോടികള്‍

അബ്ദുല്‍  ഹക്കീം

കല്‍മണ്ഡപംകഞ്ചിക്കോട്: പാലക്കാട് അടക്കമുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നതോടെ ടാങ്കറുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ജലവിതരണം വ്യാപകമാവുന്നു. ഇത്തരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിലൂടെ കോടികളാണ് സംസ്ഥാനത്ത് കുടിവെള്ള ടാങ്കറുകള്‍ കൊയ്യുന്നത്. സംസ്ഥാനത്തെ കമ്പനികളിലായി ഏകദേശം 2400ഓളം ടാങ്കറുകളാണ് ജലവിതരണം നടത്തുന്നത്.  വരള്‍ച്ചാ മേഖലകളിലെ കുടിവെള്ള വിതരണം, കെട്ടിടം പണികള്‍, റോഡ് പണികള്‍, ആരാധനാലയങ്ങള്‍, എക്‌സിബിഷനുകള്‍ എന്നിവയ്ക്കാണ് ലോറികളില്‍ ജലവിതരണം നടത്തുന്നത്. കമ്പനികള്‍ക്കു കീഴിലുള്ള കുഴല്‍ക്കിണറുകളില്‍ നിന്നു നേരിട്ട് വാഹനങ്ങളിലെ ടാങ്കുകളില്‍ നിറക്കുന്ന വെള്ളമാണ് ആവശ്യക്കാരിലെത്തുന്നതെന്നിരിക്കെ ഇത്തരം വെള്ളത്തില്‍ ഗുണനിലവാരമോ വാഹനങ്ങളിലെ വെള്ളത്തിന്റെ അളവോ ടാങ്കുകളുടെ ശുചിത്വമോ പലപ്പോഴും പരിശോധിക്കപ്പെടാറില്ലെന്നതും ഭീഷണിയാണ്. 4000 ലിറ്ററിന്റെ ടാങ്കിന് 1000 രൂപയും 5000 ലിറ്ററിന്റെ ടാങ്കിന് 1200 രൂപയും 8000 ലിറ്ററിന് 2500 രൂപയുമാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. വേനലിന്റെ കാഠിന്യവും വരള്‍ച്ചയും രൂക്ഷമാവുന്ന സാഹചര്യം മുതലെടുത്ത് മിക്ക കമ്പനികളും വെള്ളത്തിന്റെ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ജലം വിതരണം ചെയ്യാന്‍ ലൈസന്‍സുള്ള കമ്പനികള്‍ക്കുപുറമേ നിരവധി അനധികൃത കമ്പനികളുടെ ടാങ്കുകളും ജലവികരണത്തിനായി രംഗത്തുണ്ട്. പുഴകള്‍, കുളങ്ങള്‍, കൊക്കര്‍ണികള്‍ എന്നിവിടങ്ങളില്‍ നിന്നും ഗുണനിലവാരമില്ലാത്ത വെള്ളം നിറച്ച് തോന്നിയ വിലയ്ക്കും വിതരണം ചെയ്യുന്ന അവസ്ഥയാണ് ഇത്തരം സംഘങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് വേനല്‍ കടുത്തതുകൊണ്ട് താപനില ഉയര്‍ന്നതും 9 ജില്ലകള്‍ പൂര്‍ണമായും 5 ജില്ലകള്‍ ഭാഗികമായും വരള്‍ച്ചാ ബാധ്യത മേഖലയിലാവുന്ന സാഹചര്യമാണ്. സംസ്ഥാനത്തെ 470 പഞ്ചായത്തുകള്‍ വരള്‍ച്ചാ ബാധിതാ പ്രദേശമായി പ്രഖ്യാപിച്ചിട്ടും ഇവിടങ്ങളില്‍ കുടിവെള്ളവിതരണത്തിന് മതിയായ സംവിധാനങ്ങളില്ലാതത്തതാണ് ഇത്തരം കുടിവെള്ള വിരണക്കാര്‍ക്ക് വളമാവുന്നത്. അതേസമയം കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റികള്‍ക്കു കീഴില്‍ ടാങ്കര്‍ ലോറികളുണ്ടെങ്കിലം റവന്യൂ വകുപ്പുകളില്‍ കിട്ടേണ്ട പ്ലാന്‍ ഫണ്ടിന്റെ അഭാവമാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇത്തവണ വേനല്‍ നടക്കുന്നതും സംസ്ഥാനത്ത് കുടിവെള്ളം കിട്ടാക്കനിയായതുമൂലം ഇത്തരത്തില്‍ കുടിവെള്ള ടാങ്കുകള്‍ പ്രതിമാസം കൊയ്യുന്നതാകട്ടെ 300 മുതല്‍ 400 കോടി രൂപ വരെയാണെന്നാണ് കണക്കുകള്‍.

RELATED STORIES

Share it
Top