വയോധികന് കുത്തേറ്റ സംഭവം; അന്വേഷണം തുടങ്ങി

ചെറുപുഴ: ബസ് വെയിറ്റിങ് ഷെല്‍ട്ടറില്‍ വയോധികനെ കുത്തിപ്പരിക്കേല്‍പിച്ച പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവം നടന്ന പെരിങ്ങോം  പൊന്നമ്പാറക്കടുത്ത ഞെക്ലിത്തട്ടിലെ ബസ് ഷെല്‍ട്ടറിലെത്തി തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പരിശോധന നടത്തി. പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടാണെന്നാണ് നിഗമനം.
പെരിങ്ങോം, പാടിയോട്ടുചാല്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നവര്‍ പോലിസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കണ്ണാടിപ്പൊയില്‍ സ്വദേശി രാഘവനെ (60) കുത്തേറ്റുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ പെരിങ്ങോം പോലിസില്‍ വിവരമറിയിക്കുകയും പോലിസെത്തി ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലിസ് തയ്യാറായിട്ടില്ല. കുത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തി, കൃത്യത്തില്‍ ഉള്‍പ്പെട്ടവരുടേതെന്ന് കരുതുന്ന കുട, കണ്ണട, പേഴ്‌സ്, ഡയറി എന്നിവ കണ്ടെടുത്തു.

RELATED STORIES

Share it
Top