വയോജനങ്ങള്‍ക്കായി ഒരു ദിനം

എനിക്ക് തോന്നുന്നത്‌ - കെ ഫാറൂഖ്,  ഇരിക്കൂര്‍
ഒക്ടോബര്‍ 1 ലോക വയോജന ദിനമാണ്. ഇപ്പോള്‍ പല രാജ്യങ്ങളിലും 60 വയസ്സ് കഴിഞ്ഞവരാണ് കൂടുതലെന്നു ലോക ആരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ആയുര്‍ദൈര്‍ഘ്യം കൂടുതലായതാണ് ഇതിനു കാരണം. കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് കൂടുതല്‍ ഫലപ്രദമായ ഔഷധങ്ങള്‍ വികസിപ്പിക്കുന്നതിലും മാനവരാശി വളരെ മുന്നോട്ടുപോയിട്ടുണ്ട്. അതിനാല്‍, വികസിത രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യ, ചൈന, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യം കൂടിവരുകയാണ്. അതിനനുസരിച്ച് വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ എത്തിപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പ്രായമായ മാതാപിതാക്കളെ ചിലപ്പോള്‍ അവരുടെ മക്കള്‍ തന്നെ വൃദ്ധസദനങ്ങളിലാക്കുന്നു. കൂട്ടുകുടുംബത്തിനു പകരം അണുകുടുംബ വ്യവസ്ഥ വന്നതോടെ, ഞാനും കെട്ട്യോളും എന്റെ രണ്ടു കുട്ടികളും എന്നതായി നിയമം. ലോക വയോജന ദിനം ലോകവ്യാപകമായി ആചരിക്കുന്നത് വൃദ്ധരുടെ പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനാണ്. പലപ്പോഴും മുതിര്‍ന്ന പൗരന്മാരെ പൊന്നാടയണിയിക്കുകയും പുകഴ്ത്തി പ്രസംഗിക്കുകയും ചെയ്യുന്നതോടെ ഈ ദിനാചരണം അവസാനിക്കുന്നു. എന്നാല്‍, വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അവര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.
ഇപ്പോള്‍ രാജ്യത്ത് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത് 516ഓളം വൃദ്ധസദനങ്ങളാണ്. സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികള്‍ നടത്തുന്നതുമായ വൃദ്ധസദനങ്ങള്‍ ഇതിന്റെ ഇരട്ടിയോളം വരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചവരും സമ്പന്നരുമൊക്കെ വൃദ്ധസദനങ്ങളിലെ അന്തേവാസികളാണ്. ഇന്ത്യയിലെ ഇത്തരം സദനങ്ങള്‍ ഗുണനിലവാരത്തില്‍ ഒരുപോലെയല്ല. ചിലത് മികച്ച സേവനം നല്‍കുന്നു. മറ്റു ചിലത് ചൂഷണകേന്ദ്രങ്ങളാണ്.
വൃദ്ധജനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിക്കൊണ്ട് 2007ല്‍ പാര്‍ലമെന്റ് പാസാക്കിയ മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നിയമ നടപടിയെടുക്കാം. അത് വേണ്ടത്ര ഫലപ്രദമല്ലെന്നു കണ്ടപ്പോള്‍ നിയമം കര്‍ശനമാക്കുന്ന ഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ്. അതില്‍ മാതാപിതാക്കളെ വഴിയില്‍ തള്ളുന്ന മക്കളെ ജയിലിലിടാം. എന്നാല്‍, ഈ നിയമം നടപ്പാക്കാന്‍ അധികൃതര്‍ പലപ്പോഴും മടിക്കുന്നു. നിയമം കര്‍ക്കശമായി നടപ്പാക്കിയാല്‍ വൃദ്ധസദനങ്ങളില്‍ എത്തിപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നു വാദിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.
ഈയിടെ സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് തന്നെ പുറത്തുവിട്ട കണക്കു പ്രകാരം വൃദ്ധസദനങ്ങളില്‍ കഴിയുന്ന അന്തേവാസികളില്‍ 46 ശതമാനം പേരും സ്വന്തം മക്കളാല്‍ കടുത്ത ക്രൂരതയ്ക്ക് ഇരയായി തെരുവില്‍ നിന്ന് എത്തിയവരാണ് എന്നാണ്. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇത്തരം പ്രവണതകള്‍ അവസാനിക്കുകയുള്ളൂ. വൃദ്ധരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേ പോരാടുകയും അവരെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള അവസരമാണ് ഈ വയോജന ദിനം.

RELATED STORIES

Share it
Top