വയസ്സായ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണം കവര്‍ന്ന ചാമക്കാല സ്വദേശി പിടിയില്‍

തൃശൂര്‍: ഡോക്ടര്‍ ചമഞ്ഞ് വയസായ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണം കവരുന്ന തട്ടിപ്പ് വീരനെ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി അല്ലപ്പുഴ വീട്ടില്‍ ഷൈനാണ് അറസ്റ്റിലായത്.
സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെത്തി ആരോഗ്യ വകുപ്പില്‍ നിന്നാണെന്നും ആയുര്‍വേദ ഡോക്ടറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ചികില്‍സിക്കാനാണെന്ന വ്യാജേന ദേഹപരിശോധന നടത്തി സ്ത്രീകള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലിസ് പറഞ്ഞു. പലതരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയാണ് പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് പ്രതി സ്വര്‍ണമാലകള്‍ കവര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുപ്പതോളം സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനിരയായി. അറുപതോളം പവനാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലിസ് പറഞ്ഞു. വിദഗ്ദ കെട്ടിട നിര്‍മാണ തൊഴിലാളിയായ ഷൈന്‍ ഇടവഴികളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ആളുകള്‍ കുറവുളള സമയം നോക്കി ഉച്ചനേരത്താണ് പലപ്പോഴും തട്ടിപ്പിനിറങ്ങുന്നത്.
തട്ടിപ്പിനിരയാവുന്ന സ്ത്രീകള്‍ പ്രായമായതിനാല്‍ പ്രതിയെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ സാധിക്കാത്തത് പലപ്പോഴും പോലിസ് പിടിയില്‍ നിന്ന് ഇയാള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമായി.
കബിളിപ്പിച്ച് തട്ടിയെടുക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് പ്രതി നയിച്ചിരുന്നത്. മറ്റ് ജോലിക്ക് ഒന്നും പോകാതിരുന്ന ഇയാള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിപ്പാണെന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. സ്വര്‍ണം വിറ്റ് കിട്ടിയിരുന്ന പണം ബിനാമികളെ ഉപയോഗിച്ച് പലിശയ്ക്ക് കൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
മോഷ്ടിച്ച ഇരുപത് പവനോളം സ്വര്‍ണം അന്വേഷണ സംഘം കണ്ടെടുത്തു. സ്‌പെഷല്‍ ബ്രാഞ്ച് എസിപി ടി എസ് സിനോജ്, എസിപി പി വാഹിദ്, സിഐ കെ സി സേതു, ഷാഡോ പോലിസ് അംഗങ്ങളും എഎസ്‌ഐമാരുമായ എന്‍ ജി സുവ്യതകുമാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ടി വി ജീവന്‍, പി കെ പഴനിസ്വാമി, എം എസ് ലിഗേഷ്, വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top