വയല്‍ നികത്താന്‍ പുതിയ തന്ത്രവുമായി ഭൂമാഫിയ

ഓയൂര്‍: കൃഷിയുടെ മറവില്‍ വയല്‍ നികത്താന്‍ പുതിയ തന്ത്രവുമായി നിലമുടമകള്‍. തണ്ണീര്‍ത്തട സംരക്ഷണനിയമം ശക്തമാക്കുകയും നിലം നികത്തുന്നതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് ഭൂമാഫിയകള്‍ പുതിയ മാര്‍ഗ്ഗം തേടുന്നത്. പൂയപ്പള്ളി പഞ്ചായത്തിലെ ഓയൂര്‍-കാറ്റാടി റോഡില്‍ തൊടിയില്‍ ഏലായിലാണ് കഴിഞ്ഞദിവസം മൂന്ന് ലോറികളിലായി അഞ്ഞൂറോളം പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് നിലത്തില്‍ ഇറക്കിയിട്ടുള്ളത്. ഇതില്‍ ചില ചാക്കുകളില്‍ ചേനവിത്ത് പാകിയിട്ടുണ്ട്. നിലത്തില്‍ വളരെ ഉയരത്തില്‍ പണ കോരിയിട്ടുണ്ട്. സാധാരണ ഗതിയില്‍ പണയിലാണ് ചേന, ചേമ്പ്, വാഴ തുടങ്ങിയ കൃഷികള്‍ ചെയ്യുന്നത്. ചേന കൃഷിക്കായി തടമെടുത്ത് കുഴി കുഴിച്ച് വിത്ത് നട്ട ശേഷം ചവിട്ടി ഉറപ്പിച്ചാണ് ചേനയും മറ്റും നടാറുള്ളത്. എന്നാല്‍ നിലം നികത്തുകയെന്ന ഗൂഡ ഉദ്ദേശത്തോടെയാണ് ചാക്കുകളില്‍ മണ്ണ് നിറച്ച് നിലത്തിലെ പണകളില്‍ നിക്ഷേപിച്ചിട്ടുള്ളതെന്ന് സമീപത്തെ നിലമുടമകള്‍ ആരോപിക്കുന്നു. മാസങ്ങള്‍ക്കകം ചാക്ക് ദ്രവിച്ച് മണ്ണ് നിലത്തില്‍ ചേരുന്നതോടെ ഇത് കരയായി മാറും. പിന്നീട് ഓരോ സീസണിലും ഇത്തരത്തില്‍ ചാക്കുകളില്‍ മണ്ണ് നിറച്ച് നിലം നികത്തുകയെന്നുള്ള ഗൂഡ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും ആരോപണമുണ്ട്. പൂയപ്പള്ളി, മൈലോട് സ്വദേശിയുടേതാണ് റോഡരികിലുള്ള ഈ നിലം. നിലം നികത്തലിനെതിരേ വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top