വയല്‍ നികത്തല്‍ തകൃതി; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍

തേഞ്ഞിപ്പലം: പൊരുവള്ളൂരിലും, ചേലേമ്പ്രയിലും വയല്‍ നികത്താനുള്ള ശ്രമം. പെരുവള്ളൂരില്‍ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഒളകര പാടശേഖര സമിതിയില്‍ പെട്ട 44 സെന്റ് കൃഷി ഭൂമിയാണു സ്വകാര്യ വ്യക്തി മണ്ണിട്ട് ഉയര്‍ത്താനുള്ള ശ്രമം നടത്തുന്നത്. ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പ്രദേശമാണിതെന്നും കര്‍ഷകര്‍ പറയുന്നു.
പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട റവന്യൂ വിഭാഗം നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. വില്ലേജ് ഓഫിസര്‍ അവധിയായതിനാലും നികുതി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള തിരക്ക് കാരണവുമാണു സ്ഥലം സന്ദര്‍ശിക്കാന്‍ സാധിക്കാത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്ഥലം ഉടമയോടു പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇന്നു സ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ കൈകൊള്ളുമെന്നുമാണു വില്ലേജ് ഓഫിസില്‍ നിന്നും ലഭിക്കുന്ന വിവരം.
വയലിനോടു ചേര്‍ന്നുള്ള ചെറിയ തോടിന്റെ ഒരു ഭാഗം മാത്രം ആഴം കൂട്ടി മണ്ണു ശേഖരിച്ചും തൊട്ടടുത്ത് കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കുന്നതിനു ഗ്രാമ പ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുളത്തില്‍ നിന്നും മാറ്റിയിട്ട മണ്ണ് ജെസിബി ഉപയോഗിച്ചു വയലില്‍ പരത്തിയുമാണു വയല്‍ നികത്താനുള്ള ശ്രമം നടത്തിയിരിക്കുന്നത്.
ഇതു ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പ്രവര്‍ത്തി തടയുകയും വിവധ രാഷ്ട്രീയ പാര്‍ട്ടകളുടെ നേതൃത്വത്തില്‍ വയലില്‍ കൊടി നാട്ടുകയുമായിരുന്നു. ചേലേമ്പ്രയില്‍ പതിനൊന്നാം വാര്‍ഡിലെ പഴയ ബാങ്കിന് സമീപത്താണ് ഇരുട്ടിന്റെ മറവില്‍ വയല്‍ നികത്തല്‍. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചേലേമ്പ്ര വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top