വയല്‍ക്കിളി സമരനേതാവിന്റെ വീടിനു നേരെ അക്രമം

തളിപ്പറമ്പ്: ദേശീയപാതാ ബൈപാസ് നിര്‍മാണത്തിനായി കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കുന്നതിനെതിരേ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് നേതൃത്വം നല്‍കുന്ന സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ അക്രമം. കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപത്തെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെ 1.45ഓടെയാണ് അക്രമം നടന്നത്.
കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഈ സമയം സുരേഷും കുടുംബവും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ചില്ലുകള്‍ ദേഹത്തു പതിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. വീട്ടുകാര്‍ ഉണരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.
സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ രണ്ടു ബൈക്കുകളില്‍ നാലുപേര്‍ പോവുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 1.25 വരെ സുരേഷിന്റെ വീടിന് സമീപത്തെ കവലയില്‍ എഎസ്‌ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ പോലിസുകാര്‍ ഉണ്ടായിരുന്നു. ഇവര്‍ സ്ഥലത്തു നിന്ന് മാറിയപ്പോഴാണ് അക്രമം നടന്നത്.  സിസിടിവി ദൃശ്യം പോലിസിനു കൈമാറി. സാമൂഹികവിരുദ്ധര്‍ അക്രമം നടത്തിയെന്നാണ് സുരേഷ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം, വീടാക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍ ആരോപിച്ചു. ആര്‍എസ്എസിന്റെ കലാപശ്രമത്തിന്റെ ഭാഗമായാണ് ആക്രമണം. എന്നാല്‍, ബിജെപി ജില്ലാ സെക്രട്ടറി പി സത്യപ്രകാശ് ഇക്കാര്യം നിഷേധിച്ചു.
അതിനിടെ, സിപിഎം കീഴാറ്റൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം ടി അനിതയുടെ പൂട്ടിക്കിടക്കുന്ന വീടിനുനേരെയും കല്ലേറുണ്ടായി. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. അനിതയുടെ മകളുടെ ഭര്‍ത്താവ് വയല്‍ക്കിളി പ്രവര്‍ത്തകനാണ്. സുരേഷ് കീഴാറ്റൂരിന്റെ പ്രവര്‍ത്തനങ്ങളെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു നേരെ ഫോണില്‍ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

RELATED STORIES

Share it
Top