വയല്‍ക്കിളികള്‍ ലോങ് മാര്‍ച്ചില്‍ നിന്ന് പിന്‍മാറണം: പി ജയരാജന്‍

കണ്ണൂര്‍: വയല്‍ക്കിളി ലോങ് മാര്‍ച്ചില്‍ നിന്ന് പിന്തിരിയണമെന്നും സമരത്തിന്റെ നട്ടെല്ല് ചില തീവ്രവാദ സംഘടനകളാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് പിന്നില്‍ മാവോവാദി-ഇസ്‌ലാമിക് തീവ്രവാദസഖ്യം കേരളത്തില്‍ രൂപപ്പെട്ടുവരികയാണ്. ഇവരുടെ വലയില്‍ വീഴാതിരിക്കാന്‍ ലോങ് മാര്‍ച്ച് നടത്തുന്നവര്‍ തയ്യാറാവണം.  വയല്‍ക്കിളികള്‍ക്ക് പറ്റുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടേയിരിക്കും. അവര്‍ ഞങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. പല ഘട്ടങ്ങളിലായി അവരെ കണ്ട് തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരുടേതുമാണ് നാടിന്റെ വികസനം. സിപിഎമ്മിന് മാത്രമല്ല. ഇക്കാര്യം വയല്‍ക്കിളികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും ഈ ശ്രമം തുടരും.
ബൈപാസുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തിയില്‍ നടക്കുന്ന സമരത്തെയും ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അവിടെ പരമാവധി ആവാസസ്ഥലങ്ങള്‍ ഒഴിവാക്കി വീടുകള്‍ കുറഞ്ഞ മേഖലയിലൂടെയാണ് അലൈന്‍മെന്റ്. നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ പട്ടികജാതിക്കാരുടെ പഴയ വീടുകള്‍ക്ക് നല്ല തുക നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
നാട്ടില്‍ പലരും പല നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. അത് നിയമവിധേയമാണോ എന്ന് മാത്രമാണ് പാര്‍ട്ടി നോക്കുന്നതെന്ന് ഇ പി ജയരാജന്റെ മകനുമായി ബന്ധപ്പെട്ട കുന്നിടിക്കല്‍ വിഷയത്തിലുള്ള ചോദ്യത്തിന് മറുപടിയായി ജയരാജന്‍ പറഞ്ഞു. ഒരു പ്രമുഖ പത്രസ്ഥാപനം വയല്‍ നികത്തിയാണ് കെട്ടിടം പണിതത്. ഇത് പരിസ്ഥിതി പ്രശ്‌നമല്ലേ. എവിടെയെങ്കിലും ആരെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അന്വേഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top