വയല്‍ക്കിളികള്‍ മൂന്നാംഘട്ട സമരത്തില്‍

കണ്ണൂര്‍: ഏക്കര്‍കണക്കിനു നെല്‍വയലും തണ്ണീര്‍ത്തടവും നികത്തി ദേശീയപാതാ ബൈപാസ് നിര്‍മിക്കുന്നതിനെതിരേ തളിപ്പറമ്പിനടുത്ത് കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് പുനര്‍ജന്മം.
അറസ്റ്റ് ചെയ്തും വികസനവിരോധികളെന്ന് മുദ്രകുത്തിയും സമരപ്പന്തല്‍ തീവച്ചു നശിപ്പിച്ചും കീഴ്‌പ്പെടുത്താമെന്ന സിപിഎം കണക്കുകൂട്ടല്‍ പാടെ തെറ്റിച്ച് ഇന്നലെ കീഴാറ്റൂരിലേക്ക് ഒഴുകിയത് ആയിരങ്ങള്‍. കേരളത്തില്‍ തന്നെ സിപിഎമ്മിനെ പാര്‍ട്ടിഗ്രാമത്തില്‍ ഇത്രയും ചങ്കുറപ്പോടെ നേരിട്ട സമരങ്ങള്‍ വിരളമാണ്. ആദ്യഘട്ടത്തില്‍ ബൈപാസിനെതിരേ രംഗത്തുവന്ന സിപിഎം, പിണറായി വിജയന്‍ അധികാരത്തിലെത്തിയതോടെയാണ് നിലപാട് മയപ്പെടുത്തിയത്. വികസനവിരോധികളെന്ന പതിവുപല്ലവി തിരുത്തിക്കുറിക്കുകയെന്ന നാട്യത്തോടെയാണ് സിപിഎം കീഴാറ്റൂരില്‍ ബൈപാസിനു വേണ്ടി രംഗത്തെത്തിയത്. സമരം ചെയ്ത പാര്‍ട്ടിപ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞ സംസ്ഥാന-ജില്ലാ നേതൃത്വം 11 പേരെ പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ നമ്പ്രാടത്ത് ജാനകിയെന്ന വയോധികയുടെയും മറ്റും സമരവീര്യത്തിനു മുന്നില്‍ സിപിഎം വിയര്‍ക്കുകയായിരുന്നു. നന്ദിഗ്രാമില്‍ കമ്മ്യൂണിസ്റ്റ് കൊടി പിഴുതെറിയപ്പെട്ട അതേ നാളില്‍ കീഴാറ്റൂരിലുയര്‍ന്ന സമരം കേരളത്തിലെ മറ്റൊരു നന്ദിഗ്രാം ആകുമെന്നു വരെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
പ്രദേശവാസികളായ കലാകാരന്‍മാരെ വരെ അണിനിരത്തി പ്രതിരോധം തീര്‍ക്കുന്ന സിപിഎം, ഒടുവില്‍ നാടിനു കാവല്‍ എന്ന പേരില്‍ ബദല്‍ സമരവുമായെത്തി.
മോഹവിലയ്ക്കു വയല്‍ വിട്ടുനല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകരായ ഭൂവുടമകളെ മുന്നില്‍ നിര്‍ത്തി വയലിലേക്കു മാര്‍ച്ച് നടത്തിയ സിപിഎം, സ്ഥലം വിട്ടുനല്‍കിയവരുടെ സമ്മതമടങ്ങിയ ബോര്‍ഡുകളും അഖിലേന്ത്യാ കിസാന്‍സഭയുടെ ചെങ്കൊടിയും നാട്ടി വയലില്‍ ചുവന്ന റിബണ്‍ കെട്ടി അതിര്‍ത്തി രേഖപ്പെടുത്തിയാണ് കഴിഞ്ഞദിവസം വയല്‍ വിട്ടത്. എന്നാല്‍, സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനു വഴങ്ങാതെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് വന്‍ പിന്തുണയുമായി ഇന്നലെ ആയിരങ്ങള്‍ ഒഴുകിയെത്തിയത് പാര്‍ട്ടിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. വഴിയോരത്തെല്ലാം വയല്‍ക്കിളികളെ വികസനവിരോധികളാക്കുന്ന ബോര്‍ഡുകള്‍ സിപിഎം സ്ഥാപിച്ചിരുന്നു.
വയലിനു വേണ്ടി പോരാടിമരിച്ചവര്‍ തന്നെ മാടമ്പിത്തം കാട്ടുമ്പോള്‍ അടങ്ങിയിരിക്കാനാവില്ലെന്ന സന്ദേശമേകിയാണ് വയല്‍ക്കിളികളുടെ മൂന്നാംഘട്ട സമരത്തിനു പിന്തുണയേകിയത്. പാര്‍ട്ടിവിരുദ്ധതയുടെ അച്ചടക്കവാള്‍ കാട്ടി വയല്‍ക്കിളികളുടെ ചിറകരിയാന്‍ തുനിഞ്ഞിറങ്ങിയ സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കുന്നതാണ് ഇന്നലത്തെ സമരം.
മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ച് മാതൃകയില്‍ തളിപ്പറമ്പ് നഗരത്തില്‍ നിന്ന് കീഴാറ്റൂര്‍ വയലിലേക്കാണ് ബഹുജന മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ്, ബിജെപി, മുസ്‌ലിം യൂത്ത്‌ലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി, ആര്‍എംപി, പശ്ചിമഘട്ട സംരക്ഷണ സമിതി, എസ്‌യുസിഐ തുടങ്ങി നിരവധി സംഘടനകളാണ് വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുള്ള മാര്‍ച്ചില്‍ പങ്കെടുത്തത്.

RELATED STORIES

Share it
Top