വയല്‍ക്കിളികള്‍ക്ക് വിമര്‍ശനം; ആശങ്ക പങ്കുവച്ച് പ്രതിപക്ഷം

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരണത്തിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നടത്തിയ ആമുഖപ്രഭാഷണത്തില്‍ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്ക് പരോക്ഷ വിമര്‍ശനം. വികസനത്തിനു വേണ്ടി മലയോരത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുരൂപ പോലും വാങ്ങാതെ ഭൂമി വിട്ടുനല്‍കിയപ്പോള്‍ സ്വാര്‍ഥ താല്‍പര്യത്തിനു വേണ്ടി പശ്ചാത്തല വികസനത്തിനു എതിരുനില്‍ക്കുന്നവര്‍ക്കെതിരേ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. യാന്ത്രികവാദം നിരത്തി വികസനത്തെ അട്ടിമറിക്കുന്നവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. വികസനത്തിന് എതിരുനിന്നാല്‍ കാലം നമ്മെ പരിഹസിക്കും.
വിമാനത്താവളം ഉള്‍പ്പെടെയുള്ള വികസനക്കുതിപ്പിലേക്ക് ജില്ല നീങ്ങുമ്പോള്‍ സാധാരണക്കാരില്‍ നിന്നു പദ്ധതി നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള എന്റെ പദ്ധതി മൊബൈല്‍ ആപ്പിലേക്ക് അല്‍ഭുതകരമായ പ്രതികരണങ്ങളാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വിജയിച്ച പദ്ധതികളാണ് ആവര്‍ത്തിക്കുന്നതെന്നും പ്രോഗ്രസ് കാര്‍ഡ് ഉദ്യോഗസ്ഥരെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും വൈസ് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. പദ്ധതികള്‍ നടപ്പാകാതിരുന്നാല്‍ സ്ഥലംമാറ്റം ലഭിച്ച് ജില്ലയില്‍ നിന്നു പോവാമെന്നു ധരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ബജറ്റിനോട് സമ്മിശ്രമായി പതികരിച്ച പതിപക്ഷം ചില ആശങ്കകളും പങ്കുവച്ചു.
ഉപ്പുവെള്ളം കയറി കൃഷിയും കുടിവെള്ളവും മലിനമാവുന്നത് തടയാന്‍ നടപടി കാര്യക്ഷമമായില്ലെന്നും തീരദേശ മേഖലയെ പൂര്‍ണമായും അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അന്‍സാരി തില്ലങ്കേരി പറഞ്ഞു. ആകര്‍ഷണീയമായ പേരുകള്‍ നല്‍കിയെങ്കിലും പ്രായോഗികതയില്‍ ആശങ്കയുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. ചര്‍ച്ചയില്‍ കെ നാണു, അജിത്ത് മാട്ടൂല്‍, ജോയ് കൊന്നക്കല്‍, സണ്ണി മേച്ചേരി, ആര്‍ അജിത, അഡ്വ. മാര്‍ഗരറ്റ് ജോസ്, പി കെ സരസ്വതി, വി കെ സുരേഷ് ബാബു, പി ഗൗരി പങ്കെടുത്തു.

RELATED STORIES

Share it
Top