വയല്‍ക്കിളികളോട് അനുനയം; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിഭീഷണി മുഴക്കി, സിപിഎമ്മില്‍ പുതിയ പ്രതിസന്ധി

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സമരത്തില്‍ ഉറച്ചുനിന്ന വയല്‍ക്കിളി കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകരോട് അനുനയനീക്കം നടത്തിയതോടെ സിപിഎം പുതിയ പ്രതസിന്ധിയില്‍. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരിട്ട് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരുമായി അനുരഞ്ജന ചര്‍ച്ച നടത്തുകയും ലോങ് മാര്‍ച്ച് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കീഴാറ്റൂര്‍ മേഖലയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി ഭീഷണി മുഴക്കിയതായാണു സൂചന. കഴിഞ്ഞ ദിവസം സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലെത്തിയും കീഴാറ്റൂരിലെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചതായാണു വിവരം.
വയല്‍ക്കിളി സമര പ്രവര്‍ത്തകരെ പാര്‍ട്ടി ശത്രുക്കളെ പോലെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ളവരെ സിപിഎം അണികള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ജയരാജന്റെ നിര്‍ദേശം. ഇതിനിടെ ചര്‍ച്ച കൂടി നടത്തിയതോടെ അണികളില്‍ ഒരുവിഭാഗം പരസ്യമായി എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ പരാമര്‍ശത്തിന്റെ പേരില്‍ വയല്‍ക്കിളി പ്രവര്‍ത്തകനായ ഒരു യുവാവിന് കഴിഞ്ഞദിവസം സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേല്‍ക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടിക്കെതിരേ പ്രകോപനപരമായ പോസ്റ്റിടുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍, യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നും വീട്ടില്‍പോയി പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.
ദേശീയപാത അലൈന്‍മെന്റുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം സിപിഎമ്മില്‍ ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ആയിരങ്ങള്‍ സമരത്തില്‍ പങ്കെടുത്തതോടെ പ്രതിരോധത്തിലായ സിപിഎം മേഖലാ ജാഥകളിലൂടെയാണ് അണികളെ ബോധവല്‍ക്കരിച്ചത്. എന്നാല്‍, ബിജെപി ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയനീക്കവുമായി രംഗത്തെത്തിയതോടെ സമരസമിതിയിലും വിള്ളലുണ്ടായി.
ഇതിനിടെ, ദേശീയപാത അതോറിറ്റി ബൈപാസ് അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന് പറഞ്ഞെങ്കിലും ബിജെപി തങ്ങളുടെ സമ്മര്‍ദനീക്കവുമായി സജീവമായി. ഇതിനിടെയാണ് സുരേഷ് കീഴാറ്റൂരുമായി പി ജയരാജന്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍, പാര്‍ട്ടിയെ അവമതിച്ചവരുമായി നീക്കുപോക്ക് വേണ്ടെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ അഭിപ്രായം. ഇതിനിടെ, പി ജയരാജന്‍ നടത്തുന്ന പുഴ സംരക്ഷണ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ രംഗത്തെത്തിയതും നിലപാട് മാറ്റത്തിന്റെ സൂചനയായി.

RELATED STORIES

Share it
Top