വയല്‍ക്കിളികളെ ബിജെപി റാഞ്ചി; ഐക്യദാര്‍ഢ്യ സമിതിയില്‍ വിള്ളല്‍

ബഷീര്‍ പാമ്പുരുത്തി
കണ്ണൂര്‍: വയല്‍നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ ഐതിഹാസിക സമരം നടന്ന കീഴാറ്റൂര്‍ വയല്‍ ഐക്യദാര്‍ഢ്യ സമരസമിതിയില്‍ വിള്ളല്‍. സമരത്തിനെതിരേ പോലിസ് ബലം പ്രയോഗിക്കുകയും സിപിഎം സമരപ്പന്തല്‍ തീയിടുകയും ചെയ്തതിനെതിരേ കേരളം കീഴാറ്റൂരിലേക്ക് എന്ന പ്രമേയത്തില്‍ മാര്‍ച്ച് നടന്നപ്പോള്‍ ഒഴുകിയെത്തിയ ആയിരങ്ങളെ നിരാശരാക്കിയാണ് സമരഗതി മാറുന്നത്.രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് പരിഹാരം കാണണമെന്ന ആവശ്യവുമായി നടത്തിയ മാര്‍ച്ചിനെ ദിവസങ്ങള്‍ കഴിയുന്തോറും ബിജെപി നിയന്ത്രണത്തിലേക്ക് മാറുന്നതാണ് ഐക്യദാര്‍ഢ്യ സമരസമിതിയില്‍ പോലും ഭിന്നതയ്ക്കു കാരണമാവുന്നത്. ഇന്നലെ കീഴാറ്റൂര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബിജെപി കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ചില്‍ വയല്‍ക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും പങ്കെടുത്തതാണ് പുതിയ വഴിത്തിരിവ്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ദേശീയപാത അതോറിറ്റിയും കേന്ദ്രഉപരിതല ഗതാഗത വകുപ്പും വയല്‍ നികത്തിയുള്ള ബൈപാസിനു വേണ്ടി ഭൂമിയേറ്റെടുത്തതിനെ അനുകൂലിക്കുമ്പോള്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞ ഐക്യദാര്‍ഢ്യ സമിതി ബിജെപി മാര്‍ച്ചിനോട് അനുഭാവം കാട്ടരുതെന്ന് വയല്‍ക്കിളി നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ച സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും ബിജെപിക്കൊപ്പം വേദി പങ്കിട്ടത് ഒരു വിഭാഗത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ഐക്യദാര്‍ഢ്യ സമിതി പുനസ്ഥാപിച്ച സമരപ്പന്തല്‍ ബിജെപി മാര്‍ച്ച് ഉദ്ഘാടനത്തിന് ഉപയോഗിച്ചതും ഭിന്നത രൂക്ഷമാക്കി.
പന്തലില്‍ വയല്‍ക്കിളികള്‍ നാട്ടിയ കര്‍ഷകരുടെ ചുവന്ന കൊടി മാറ്റി ബിജെപി പതാക കെട്ടുകയും ചെയ്തു. വേദിയില്‍ സംഘപരിവാരത്തിന്റെ മുഖപത്രമായ കേസരിയുടെ കോപ്പി നമ്പ്രാടത്ത് ജാനകിയമ്മക്ക് നല്‍കി സമരം തങ്ങള്‍ ഏറ്റെടുത്തതായി ബിജെപി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഐക്യദാര്‍ഢ്യ സമിതി ഇന്നലെ വൈകീട്ട് തളിപ്പറമ്പ് മഹാത്മ കോളജ് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കി.  സമരപ്പന്തലിലേക്ക് വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്തതിനാലാണ് പിന്തുണച്ചതെന്നും അതില്‍ നിസ്സഹായത പ്രകടിപ്പിക്കുന്നതായും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കൂടാതെ വിശദീകരണ യോഗം നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top