വയല്‍ക്കിളികളെ നേരിടാന്‍ 'നാടിന് കാവലു'മായി സിപിഎം

കണ്ണൂര്‍: വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടക്കുന്ന കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്കെതിരേ സിപിഎം പ്രത്യക്ഷ പ്രതിരോധത്തിന്. വയല്‍ക്കിളികളുടെ മൂന്നാംഘട്ട സമരം 25ന് തുടങ്ങാനിരിക്കെ കീഴാറ്റൂരില്‍ നാടിനു കാവല്‍ എന്ന പേരില്‍ സമരം നടത്തുമെന്ന് സിപിഎം അറിയിച്ചു. ഇതിന്റെ ഭാഗമായി വയലില്‍ കാവല്‍പ്പുര സ്ഥാപിക്കും. 24ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ റാലിയും നടത്തും.
സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ച സമരപ്പന്തല്‍ 25ന് പുനസ്ഥാപിച്ച് മൂന്നാംഘട്ട സമരം തുടങ്ങാനാണു വയല്‍ക്കിളികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ ഐക്യദാര്‍ഢ്യ സമിതി 2000 പേരെ പങ്കെടുപ്പിച്ച് തളിപ്പറമ്പ് ടൗണില്‍ നിന്ന് കീഴാറ്റൂരിലേക്ക് റാലിയും നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് തലേന്നു തന്നെ സമരം നടത്താന്‍ സിപിഎം പൊടുന്നനെ രംഗത്തെത്തിയത്. വയല്‍ക്കിളികള്‍ പുനസ്ഥാപിക്കുന്ന സമരപ്പന്തലിന് അടുത്തു തന്നെ കാവല്‍പ്പുര സ്ഥാപിക്കാനാണ് സിപിഎം തീരുമാനം.
24ന് കാവല്‍പ്പുര സ്ഥാപിച്ച് വൈകീട്ട് നാലിന് കീഴാറ്റൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് നടത്തും. ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ ജില്ലയിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ പൊതുയോഗം നടക്കും.
അതേസമയം, 25ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നിന്ന് കീഴാറ്റൂരിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ചിന്റെ പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ളം മുട്ടിച്ചും പരിസ്ഥിതിയെ നശിപ്പിച്ചുമുള്ള ദേശീയപാതാ വികസനത്തിനെതിരേ സഹകരിക്കുന്നവരുടെയെല്ലാം കൂട്ടായ്മയുണ്ടാക്കിയാണ് വയല്‍ക്കിളികള്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇടതുപക്ഷത്ത് സിപിഐയുടെയും അവരുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിലെ ചില നേതാക്കളെയും വയല്‍ക്കിളികള്‍ ലക്ഷ്യമിടുന്നുണ്ട്. യുഡിഎഫിനു പുറമെ ബിജെപിയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top