വയല്‍ക്കിളികളെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം

തളിപ്പറമ്പ്/കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. സമരം ചെയ്തതിനു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ കാണാന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെത്തി.
പുറത്താക്കപ്പെട്ട 11 പേരില്‍ ആറു പേരുടെ വീടുകളിലാണു ജയരാജനെത്തിയത്. ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം.
പ്രസന്നന്‍, രജീഷ്, എം ബാലന്‍, ഗോവിന്ദന്‍, ബൈജു, ബിജു എന്നിവരുടെ വീടുകളിലാണു നേതാവ് എത്തിയതെങ്കിലും ബൈജുവും ബിജുവും വീടുകളില്‍ ഉണ്ടായിരുന്നില്ല. മറ്റു നാലുപേരുടെ വസതികളിലെത്തിയ ജയരാജന്‍ കീഴാറ്റൂര്‍ സമരത്തെക്കുറിച്ച് മൗനംപാലിച്ചു. സമരത്തിന്റെ തുടക്കം മുതല്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ ഇവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും വാദങ്ങള്‍ ഖണ്ഡിക്കാന്‍ നേതാവ് തയ്യാറായില്ല. പകരം എല്ലാം ശ്രദ്ധാപൂര്‍വം ശ്രവിച്ചു. ബന്ധപ്പെട്ട കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.നിങ്ങളെ പാര്‍ട്ടിയില്‍ നിന്നു ശാശ്വതമായി പുറത്താക്കിയിട്ടില്ലെന്നും മാറ്റിനിര്‍ത്തുക മാത്രമാണു ചെയ്തതെന്നും പറഞ്ഞ ജയരാജന്‍, തിരിച്ചുവരാന്‍ ഇനിയും അവസരമുണ്ടെന്ന സൂചനയും നല്‍കി. ലോങ്മാര്‍ച്ച് ഉള്‍പ്പെടെയുള്ള തുടര്‍ സമര പരിപാടികളില്‍ നിന്നു മാറിനില്‍ക്കണമെന്നും പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും വ്യക്തമാക്കി.
തെറ്റ് തിരുത്തിക്കൊണ്ടുള്ള സംയുക്ത പ്രസ്താവനയിറക്കാന്‍ ജയരാജന്‍ അഭ്യര്‍ഥിച്ചെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല. ഇക്കാര്യത്തില്‍ ആലോചിച്ച് മാത്രമേ നിലപാടെടുക്കാന്‍ കഴിയൂവെന്നായിരുന്നു നാലു പേരുടെയും അഭിപ്രായം. എന്നാല്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചില്ല. അതേസമയം, സമരം നടത്തുന്നവരൊക്കെ സിപിഎം വിരുദ്ധരാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ലെന്നു ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ബൈപാസ് വിരുദ്ധ സമരത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി വ്യക്തമാക്കിയതാണ്.  ചില തീവ്രവാദശക്തികളാണു സമരത്തിനു നേതൃത്വം നല്‍കുന്നത്. അവരാണു സമരത്തെ പുതിയ തലത്തിലേക്കു കൊണ്ടുപോവാന്‍ ശ്രമിക്കുന്നതും. വഴിതെറ്റിയവരെ നേര്‍വഴിക്കു നയിക്കലാണു പാര്‍ട്ടിയുടെ ഉത്തരവാദിത്തമെന്നും പി ജയരാജന്‍ പറഞ്ഞു.

RELATED STORIES

Share it
Top