വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഉടനില്ല

കണ്ണൂര്‍: വയല്‍ക്കിളികള്‍ നേരത്തേ പ്രഖ്യാപിച്ച ലോങ്മാര്‍ച്ച് ഉടനുണ്ടാവില്ല. കീഴാറ്റൂരിലെ സമരോര്‍ജം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ വിവിധ പരിസ്ഥിതി, ദലിത്, പൗരാവകാശ സമരങ്ങളെ ഏകോപിപ്പിച്ച ശേഷം ആഗസ്ത് 11 തൃശൂരില്‍ സംഘടിപ്പിക്കുന്ന സമരസംഗമത്തിലാണ് ലോങ്മാര്‍ച്ചിന്റെ തിയ്യതിയും മറ്റു കാര്യങ്ങളും പ്രഖ്യാപിക്കുക. 'ജനകീയ സമരങ്ങളോട് സംസാരിച്ചേ പറ്റൂ, സമരകേരളം തിരുവനന്തപുരത്തേക്ക്' എന്ന പ്രമേയവുമായി കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യസമിതി കണ്ണൂരില്‍ സംഘടിപ്പിച്ച സംസ്ഥാന കണ്‍വന്‍ഷനിലാണ് തീരുമാനം.
ലോങ്മാര്‍ച്ചിന്റെ നടത്തിപ്പിന് വിപുലമായ സംഘാടകസമിതിയും രൂപീകരിച്ചു. ദേശീയപാത ബൈപാസിനെതിരായ മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി വിഷുവിനു ശേഷം കീഴാറ്റൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലോങ്മാര്‍ച്ച് നടത്തുമെന്നാണ് വയല്‍ക്കിളികള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, എലിവേറ്റഡ് ഹൈവേ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്താത്തതും, പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടതുമാണ് അനിശ്ചിതത്വത്തിനു കാരണം. തുടര്‍ന്നാണ് ജനകീയ സമരങ്ങള്‍ ഏകോപിപ്പിച്ചശേഷം ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ ലോങ്മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. പരിസ്ഥിതിയെയും ദലിത്-ആദിവാസി വിഭാഗങ്ങളെയും അവഗണിക്കുന്ന വികസന നയങ്ങള്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധസമരങ്ങളെയെല്ലാം മാര്‍ച്ചില്‍  അണിനിരത്തും. ഇതിനു മുന്നോടിയായി ജില്ലാതല സംഘാടകസമിതികള്‍ രൂപീകരിച്ച് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ദേശീയപാത 30 മീറ്ററില്‍ ആറുവരി പാതയായി വികസിപ്പിക്കുക, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കുക, ജനകീയ വികസനം ജനപക്ഷത്താവുക എന്നീ ആവശ്യങ്ങളാണ് ലോങ്മാര്‍ച്ചില്‍ ഉന്നയിക്കുക. കണ്‍വന്‍ഷന്‍ കീഴാറ്റൂര്‍ സമരനായിക നമ്പ്രാടത്ത് ജാനകിയമ്മ ഉദ്ഘാടനം ചെയ്തു. ഇത് അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള സമരമാണെന്നും മുതലെടുപ്പിനുള്ളതല്ലെന്നും വിജയിപ്പിച്ചുതരണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഒറ്റപ്പെട്ട സമരങ്ങളോട് മുഖംതിരിക്കുന്ന സര്‍ക്കാര്‍ സമീപനം  മാറണമെങ്കില്‍ സമരമുഖത്ത് ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിനായി  നിരവധി ചെറുസമരങ്ങള്‍ നടക്കുന്നുണ്ട്. ഇതൊന്നും അധികമാരും അറിയുന്നില്ല. ഇരകളുടെ മുദ്രാവാക്യങ്ങള്‍ ബാക്കിയാവുകയാണ്. ഈ സ്ഥിതിക്ക് മാറ്റംവരണം. പ്രത്യയശാസ്ത്ര ഭിന്നതകള്‍ മാറ്റിവച്ച് എല്ലാവരും സമരമുഖത്ത് അണിനിരക്കണം. കേരളം കീഴാറ്റൂരിലേക്ക് ഒഴുകിയതുപോലെ, നാളത്തെ തലമുറയെ ഓര്‍ക്കാതെ നടപ്പാക്കുന്ന എല്ലാ സമരങ്ങളിലേക്കും കേരളം ഒഴുകിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യസമിതി ചെയര്‍മാന്‍ ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍ സുബ്രഹ്മണ്യന്‍ സമരരേഖ അവതരിപ്പിച്ചു. മൂസ, അഥീന സുന്ദര്‍, സണ്ണി അമ്പാട്ട്, കെ കെ സുരേന്ദ്രന്‍, ഷാന്റോ ലാല്‍ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികള്‍: ഹാഷിം ചേന്ദംപിള്ളി (ചെയര്‍മാന്‍), നോബിള്‍ പൈകട (കണ്‍വീനര്‍), ഡോ. ഡി സുരേന്ദ്രനാഥ്, മിര്‍ഷാദ് റഹ്മാന്‍, സുരേഷ് കീഴാറ്റൂര്‍, മാഗ്ലിന്‍ പീറ്റര്‍, എന്‍ വേണു (വൈസ് ചെയര്‍മാന്‍മാര്‍), സി ആര്‍ നീലകണ്ഠന്‍, എന്‍ സുബ്രഹ്മണ്യന്‍, പ്രഫ. കുസുമം ജോസഫ്, അഡ്വ. കസ്തൂരിദേവന്‍, ഫാദര്‍ വട്ടോളി, കെ സഹദേവന്‍ (വൈസ് കണ്‍വീനര്‍മാര്‍).

RELATED STORIES

Share it
Top