വയനാട് പൂരിഞ്ഞി ഇരട്ടക്കൊലപാതകം: പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ/കുറ്റിയാടി: പ്രമാദമായ വയനാട് കണ്ടത്തുവയല്‍ പൂരിഞ്ഞി ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍. തൊട്ടില്‍പ്പാലം കലമാട്ടുമ്മല്‍ മരുതോരുമ്മല്‍ വിശ്വനാഥ (42) നെയാണ് അറസ്റ്റ് ചെയ്തത്. മോഷണമാണ് കൊലയിലേക്കു നയിച്ചതെന്നു ജില്ലാ പോലിസ് ചീഫ് ആര്‍ കറുപ്പസ്വാമി പറഞ്ഞു. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്.
ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ടു പവന്‍ സ്വ ര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടിരുന്നത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന മുഴുവന്‍ ആഭരണങ്ങളും പ്രതി കൊണ്ടുപോയിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ ലക്ഷ്യം മോഷണം മാത്രമല്ലെന്ന നിഗമനത്തിലായിരുന്നു പോലിസ്. ഇതര സംസ്ഥാനങ്ങളിലുള്‍െപ്പടെ അന്വേഷണം നടത്തി. മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ 28 അംഗ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി 800 പേരുടെ കാലടയാളം പരിശോധിച്ചു. 23 കേന്ദ്രങ്ങളിലെ സിസിടിവി കാമറകള്‍ പരിശോധനാ വിധേയമാക്കി. സിസിടിവി പരിശോധനയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
കൂട്ടുപ്രതികള്‍ ഇല്ലെന്നാണ് ഇതുവരെ ലഭിച്ച തെളിവുകളും പ്രതിയുടെ മൊഴിയും പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നതെന്നും ജില്ലാ പോലിസ് ചീഫ് പറഞ്ഞു. നാലു മോഷണക്കേസുകള്‍ നിലവില്‍ പ്രതിയുടെ പേരിലുണ്ട്. നേരത്തേ തന്നെ ഇയാള്‍ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി അടുത്തിടെ സാമ്പത്തികമായി വളര്‍ച്ച നേടിയെന്ന കണ്ടെത്തലും ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ കാരണമായി. പ്രദേശത്തെ വീടുകളില്‍ മോഷണം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ഉമറിന്റെ വീട്ടിലെത്തിയത്. വെളിച്ചം കണ്ടതും വാതില്‍ തുറന്നുകിടന്നതുമാണ് ഈ വീട് തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി. ഫാത്തിമയുടെ കഴുത്തി ല്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണര്‍ന്ന ഉമറിനെ കൈയില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഫാത്തിമയെയും അടിച്ചു കൊലപ്പെടുത്തി. കൊല നടത്തിയതിനു ശേഷം കൈയില്‍ കിട്ടിയ ആഭരണങ്ങളുമായി തിടുക്കത്തില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടത്തുവയല്‍ പൂരിഞ്ഞിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ നടന്നുവരുന്നതിനിടെയാണ് അറസ്റ്റ്. പ്രതിയെ എത്തിച്ച മാനന്തവാടി ഡിവൈഎസ്പി ഓഫിസിലും തെളിവെടുപ്പിനു കൊണ്ടുവന്ന കൊലപാതകം നടന്ന വീടിന്റെ പരിസരങ്ങളിലും നൂറുകണക്കിന് നാട്ടുകാരാണ് തടിച്ചുകൂടിയത്. തെളിവെടുപ്പിനിടെ പ്രതിയെ മര്‍ദിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിനിടയാക്കി.
വിശ്വനാഥനെ പോലിസ് കുറ്റിയാടി, തൊട്ടില്‍പ്പാലം പ്രദേശങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. പ്രതി അപഹരിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതിനാണ് മാനന്തവാടി ഡിവൈഎസ്പി എ ദേവസ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെയുമായി കുറ്റിയാടിയിലെത്തിയത്. തുടര്‍ന്ന്, തൊട്ടില്‍പ്പാലത്തെ പ്രതിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി.

RELATED STORIES

Share it
Top