വന്‍കിട തുറമുഖമാവാന്‍ അഴീക്കല്‍; നിര്‍മാണം അടുത്ത വര്‍ഷം

അഴീക്കോട്: അഴീക്കല്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക തുറമുഖമാക്കി മാറ്റാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍കുമാര്‍ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനും മന്ത്രി രാമചന്ദ്രന്‍ കട—പ്പള്ളി ഉപാധ്യക്ഷനുമായി അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ നേരത്തേ കമ്പനി രൂപീകരിച്ചിരുന്നു.
ഹോവെ ഇന്റര്‍നാഷനല്‍ ഇന്ത്യ ലിമിറ്റഡിനാണ് തുറമുഖ നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. അഴീക്കല്‍ തുറമുഖം ആധുനീകരിക്കുന്നതിനായി 500 കോടിയാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവച്ചത്. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖമായി മാറു—തോടെ കണ്ണൂരിന്റെ വ്യാവസായിക പുരോഗതിയില്‍ വലിയ നേട്ടമാണ് ഉണ്ടാവുക. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ താരതമ്യേന ചെലവ് കുറഞ്ഞ കടല്‍മാര്‍ഗമുള്ള ചരക്കുഗതാഗതം സാധ്യമാവും.
കരയിലൂടെയുള്ള ചരക്കുഗതാഗതത്തേക്കാള്‍ സുഗമമാണെന്നതിനാല്‍ അഴീക്കല്‍ തുറമുഖത്തിന്റെ ഭാവിസാധ്യത ഏറെയാണ്. കണ്ണൂരില്‍ നിന്നുള്ള കൈത്തറിയും കുടക്, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള നാണ്യവിളകളും മലഞ്ചരക്കുകളും ഇവിടെ നിന്ന് നേരിട്ട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാവും.
തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യതകളും ഏറെയാണ്. എല്ലാ തരത്തിലുമുള്ള കണ്ടെയ്‌നര്‍ കപ്പലുകളും കൈകാര്യം ചെയ്യാന്‍ ഉതകുന്ന തരത്തിലുള്ള തുറമുഖമാവും അഴീക്കലിലേതെന്നും അദ്ദേഹം പറഞ്ഞു. 15 കോടി ചെലവഴിച്ച് ഹോളണ്ടില്‍ നിന്നു വാങ്ങിയ മണ്ണുമാന്തി കപ്പലായ സിഎഫ്ഡി ചന്ദ്രഗിരി ഉപയോഗിച്ചുള്ള ആഴംകൂട്ടല്‍ പ്രക്രിയ(മെക്കാനിക്കല്‍ ഡ്രഡ്ജിങ്) നിലവിലുള്ള തുറമുഖത്ത് ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കപ്പല്‍ സീസണോടെ തുറമുഖത്തെ ഡ്രഡ്ജിങ് പൂര്‍ത്തിയാവുകയും തുറമുഖം കപ്പല്‍ ഗതാഗതത്തിന് പൂര്‍ണതോതില്‍ സജ്ജമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ രണ്ടര മീറ്ററില്‍ താഴെ മാത്രമാണ് തുറമുഖത്തിന്റെ ആഴം. ഇതുകാരണം വലിയ കപ്പലുകള്‍ക്ക് തുറമുഖത്ത് പ്രവേശിക്കാനാവില്ല. ഡ്രഡ്ജിങ് പൂര്‍ത്തിയാവുന്നതോടെ ആഴം ആറു മീറ്ററായി വര്‍ധിക്കും. ഇതോടെ ഇടത്തരം കപ്പലുകള്‍ക്കു വരെ തുറമുഖത്തേക്ക് പ്രവേശനം സാധ്യമാവും. യന്ത്രം ഉപയോഗിക്കാതെ നടത്തുന്ന ഡ്രഡ്ജിങ് വഴിയുള്ള മണല്‍ വിതരണത്തിന് സര്‍ക്കാര്‍ പുതിയ നയം രൂപീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായുള്ള മണല്‍ വിതരണം പൂര്‍ണമായും സുതാര്യമാക്കി മാറ്റി.
തുറമുഖത്തു നിന്നുള്ള മണല്‍ ഖനനവും വിതരണവും ജില്ലയിലെ രൂക്ഷമായ മണല്‍ ക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരമാവുകയും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുകയും ചെയ്തു.
ന്യായമായ വിലയ്ക്കാണ് പൊതുജനങ്ങള്‍ക്ക് മണല്‍ ലഭ്യമാക്കുന്നത്. അഴീക്കലിലെ ലൈറ്റ്ഹൗസിന്റെ പ്രകാശതീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ലൈറ്റിന്റെ ഉയരവും വര്‍ധിച്ചു. ഇതോടെ കടലിലൂടെ പോവുന്ന കപ്പലുകള്‍ക്കും മല്‍സ്യബന്ധന യാനങ്ങള്‍ക്കുമെല്ലാം ലൈറ്റ്ഹൗസ് കൂടുതല്‍ പ്രയോജനപ്രദമായി. തലശ്ശേരിയിലെ തുറമുഖ കടല്‍പ്പാലം നവീകരിക്കാനും തുറമുഖവകുപ്പിന് പദ്ധതിയുണ്ട്. ടൂറിസം വകുപ്പുമായി കൈകോര്‍ത്ത് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നവീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി തുറമുഖ ഓഫിസില്‍ മറൈന്‍ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top