വന്‍കിട കൊള്ളപ്പലിശ ഇടപാട്: മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: ചെന്നൈ കേന്ദ്രീകരിച്ചു കേരളത്തില്‍ വന്‍കിട കൊള്ളപ്പലിശ ഇടപാടു നടത്തുന്ന സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി രാജ്കുമാര്‍ (30), ചെന്നൈ സ്വദേശി അരശു (34), ചാന്ദന്‍കുളം സ്വദേശി ഇസൈക്ക് മുത്തു (22) എന്നിവരാണു പിടിയിലായത്.
കൊച്ചി സിറ്റി ഷാഡോ പോലിസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണു സംഘം വലയിലായത്. 10 ലക്ഷം രൂപയില്‍ കുറഞ്ഞ ഇടപാട് ഇവര്‍ നടത്താറില്ല. 80 ലക്ഷം രൂപ നല്‍കിയാല്‍ ഒരു മാസത്തിനകം ഒരു കോടി രൂപയായി തിരിച്ചടയ്ക്കണം. ആഴ്ചക്കണക്കിനാണ് ഇടപാട്. മുന്തിയ വാഹനങ്ങളും വസ്തുവകകളും ഉള്‍പ്പെടെ ഈടു വാങ്ങിയാണ് ഇടപാട്. ചെന്നൈ കേന്ദ്രീകരിച്ചുള്ള വ്യക്തിയാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്നത്.
പള്ളുരുത്തി കല്ലുചിറയിലെ കൊട്ടാരസദൃശ്യമായ കെട്ടിടത്തിലാണ് സംഘം തങ്ങുന്നത്. ഇതു ചെന്നൈ സ്വദേശിയുടെ പേരിലുള്ളതാണെന്ന് ഇവര്‍ പറയുന്നു. വീട്ടില്‍ 31 ചെക്കുകളും എട്ട് പ്രൊമിസറി നോട്ടുകളും നിരവധി ആര്‍സി ബുക്കുകളും പിടിച്ചെടുത്തു. പനമ്പിള്ളി നഗറില്‍ താമസിക്കുന്ന പാലാ സ്വദേശിയായ ബിസിനസുകാരന്‍ നല്‍കിയ പരാതിയിലാണു പ്രതികള്‍ പിടിയിലായത്
ഷാഡോ പോലിസിന്റെ ചുമതലയുള്ള എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പള്ളുരുത്തി പോലിസിന് കൈമാറി.

RELATED STORIES

Share it
Top